*26 നകം റിപ്പോർട്ട് നൽകണം

പഞ്ചായത്ത് മേഖലയിലെ പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുളള പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

          പരസ്യബോർഡുകളും ബാനറുകളും സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യാൻ വ്യാപകമായ അറിയിപ്പുകൾ ഗ്രാമപഞ്ചായത്തുകൾ നൽകണം. അറിയിപ്പ് നൽകി മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാത്തവ കണ്ടെത്തി ഏഴു ദിവസത്തിനുളളിൽ നീക്കം ചെയ്യാൻ നോട്ടീസ് നൽകണം. പഞ്ചായത്ത് മാറ്റുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് ചെലവ് ഈടാക്കണം. ഇവ നീക്കം ചെയ്തതു സംബന്ധിച്ച ജില്ലാതല റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടർമാർ 26നകം പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.

          പുതിയതായി ലഭിക്കുന്ന അപേക്ഷകളിൽ ഒരു സാമ്പത്തിക വർഷത്തേക്കാണ് അനുമതി നൽകേണ്ടത്. പരസ്യബോർഡുകളും ബാനറുകളും ഹോർഡിംഗുകളും പൊതുനിരത്തുകളിൽ സ്ഥാപിച്ചതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും നഷ്ടപരിഹാരവും ഏറ്റെടുക്കാമെന്ന് കരാർ വച്ചശേഷം മാത്രമേ അനുമതി നൽകാവൂ. പരസ്യബോർഡുകൾക്കും ഹോർഡിംഗുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തണം.

          നിരത്തിന്റെ വശങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്ന വൃക്ഷങ്ങളിൽ ആണി ഉപയോഗിച്ചോ മറ്റു രീതികളിലോ പരസ്യം പ്രദർശിപ്പിക്കരുത്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. നിയമാനുസൃത അനുമതിയില്ലാതെയും ട്രാഫിക് തടസം ഉണ്ടാക്കുന്ന രീതിയിലും വച്ചിട്ടുളള പരസ്യബോർഡുകൾ ഉടൻ നീക്കണം. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കരുത്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോർഡുകൾക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണം പാലിക്കണം.