എച്ച്.ഐ.വി അണുബാധ 2030 ഓടെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുക എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ഏയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റും സംയുക്തമായി ജില്ലാതല ഏയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി കോഴിക്കോട് നോര്‍ത്ത് അസി. പോലീസ് കമ്മീഷണര്‍ ഇ.പി പൃഥ്വിരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ വിവിധ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ജനപ്രതിനിധികള്‍, എന്‍.സി.സി, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍, ജില്ലാ ടി.ബി ഫോറം പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി ആയിരത്തില്‍പരം ആളുകള്‍ അണി നിരന്ന റാലി ഉദ്ഘാടന വേദിയായ ഐ.എം.എ ഹാളില്‍ സമാപിച്ചു.
തുടര്‍ന്ന് ജില്ലാതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ നിര്‍വ്വഹിച്ചു. അഡിഷണല്‍ ഡി.എം.ഒ ഡോ.എസ്.എന്‍ രവികുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ. ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ടി.പി രാജഗോപാല്‍ മുഖ്യ പ്രഭാഷണവും ഐ.എം.എ ജില്ലാ പ്രസിഡണ്ട് ഡോ.വിജയ് റാം രാജേന്ദ്രന്‍ പ്രതിഞ്ജയും നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ  സമ്മാനദാനം ചടങ്ങില്‍ ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ വിതരണം ചെയ്തു. ജില്ലാ ടി.ബി ആന്‍ഡ് ഏയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി. പ്രമോദ് കുമാര്‍, കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡണ്ട് അശോകന്‍ ആലപ്രത്ത്, എച്ച്.ഡി.എഫ്.സി ബാങ്ക് ഓപ്പറേഷന്‍ മാനേജര്‍ എല്‍.എസ് ഉണ്ണിക്കൃഷ്ണന്‍, ക്ലബ് എഫ്.എം ആര്‍.ജെ രോഷ്‌നി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി മണി, ഡെപ്യൂട്ടി മാസ്സ് മീഡിയാ ഓഫീസര്‍മാരായ ബേബി നാപ്പളളി, ഹംസ ഇസ്മാലി, മാത്യൂ കെ.സി, പ്രിയേഷ് എന്‍.ടി, എന്‍.എച്ച്.എം.പി ആര്‍.ഒ കെ.സി ദിവ്യ, അബ്ദുള്‍ സലാം കെ.എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഏയ്ഡ്‌സ് ദിന സന്ദേശമായ നിങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയു എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി അഡിഷണല്‍ പ്രൊഫസര്‍ ഡോ.മിനി പി.എന്‍ സംസാരിച്ചു. ഏയ്ഡ്‌സും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസി. പ്രൊഫസര്‍ ഡോ.രജനി ആര്‍.എസ് ക്ലാസ്സ് എടുത്തു. തുടര്‍ന്ന് പ്രൊവിഡന്‍സ് വുമന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ സ്റ്റാന്റ് ബീച്ച് എന്നിവിടങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഏയ്ഡ്‌സ് ദിന സന്ദേശവുമായി ബന്ധപ്പെട്ട് സ്‌നേഹദീപം തെളിയിച്ചു. കേരളാ ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.