മദ്യം ഉപയോഗിക്കാനുളള പ്രായപരിധി ഉയർത്തുന്നു

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21-ൽ നിന്ന് 23 വയസ്സായി ഉയർത്താൻ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

വനിതാ കമ്മീഷന് കൂടുതൽ അധികാരം നൽകുന്നു

പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താൻ വനിതാ കമ്മീഷന് അധികാരം നൽകുന്ന രീതിയിൽ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുളള കേരള വനിത കമ്മീഷൻ നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ.

സംസ്ഥാനത്ത് പുതിയ 20 ചെറുകിട ജലവൈദ്യുത പദ്ധതികൾ

സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികൾ ബൂട്ട് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് അനുമതി നൽകാൻ തീരൂമാനിച്ചു. 2012-ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്റിപെന്റന്റ് പവർ പ്രൊജക്ട് വിഭാഗത്തിലാണ് പദ്ധതികൾ അനുവദിക്കുന്നത്. സർക്കാരുമായി കരാർ ഒപ്പുവക്കുന്ന തീയതി മുതൽ 30 വർഷത്തേക്കാണ് അനുമതി. പദ്ധതികൾ പൂർത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷൻ നിരക്ക് നിശ്ചയിക്കും.

ഇടുക്കി ഉടുമ്പൻചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ 83.98 ആർ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിർമ്മിക്കുന്നതിനായി നൽകാൻ തീരുമാനിച്ചു.

കൊച്ചി സിറ്റി പോലീസ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 34.95 ആർ റവന്യൂ പുറമ്പോക്ക് ഭൂമി, ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ആഭ്യന്തര വകുപ്പിന് ഉപയോഗാനുമതി നൽകാൻ തീരുമാനിച്ചു.

ലോക കേരള സഭയോടനുബന്ധിച്ച് വിനോദസഞ്ചാരവകുപ്പും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പ-സസ്യ-ഫല-കൃഷി പ്രദർശനത്തിൽ പങ്കെടുന്ന സർക്കാർ / അർദ്ധ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്വന്തം ഫണ്ടിൽ നിന്നും പരമാവധി അഞ്ചുലക്ഷം രൂപ വരെ ചെലവഴിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചു.

വേതനം പരിഷ്‌കരിക്കും

തൃശ്ശൂർ കേരള ഫീഡ്‌സിലെ മാനേജീരിയൽ, മേൽനോട്ട വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

പുതിയ തസ്തികകൾ

കണ്ണൂർ കോർപ്പറേഷനിൽ 4 പുതിയ തസ്തികകൾ സൃഷ്ടിക്കും.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തൃശ്ശൂർ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി രൂപീകരിക്കാൻ തീരുമാനിച്ച താലൂക്കുകളിൽ 55 തസ്തികകൾ വീതം സൃഷ്ടിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോഗ്രാഫർ ഗ്രേഡ് കക ന്റെ രണ്ട് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം, പാറശ്ശാല, ആര്യങ്കാവ് എന്നീ ചെക്ക് പോസ്റ്റുകളിൽ 9 തസ്തികകളും, കാസർഗോഡ് കോട്ടയം എന്നീ റീജ്യണൽ ലാബോറട്ടറികളിലേക്ക് 6 തസ്തികകളും പുതിയതായി സൃഷ്ടിക്കാൻ തീരുമാനിച്ചു.

ധനസഹായം അനുവദിച്ചു

തിരുവനന്തപുരം ചാല കമ്പോളത്തിൽ 14-11-2014-ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകൾക്കും വാടകക്കാർക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം അനുവദിച്ചു.

ജൂഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കൊച്ചി എളമക്കര പ്ലാശ്ശേരിപറമ്പ് വീട്ടിൽ വിനീഷിന്റെ കുടുംബത്തിന് ഇടപ്പളളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ കുടിശിക അടക്കം 5.56 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.

100 ശതമാനം കാഴ്ചവൈകല്യമുളള വി.ജി.ബാബുരാജന് (മലപ്പുറം ഈഴുവതിരുത്തി) ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ ജൂനിയർ (പൊളിറ്റിക്കൽ സയൻസ്) തസ്തികയിൽ വികലാംഗർക്കായുളള സംവരണ ക്വാട്ടയിൽ ഒരു സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ തീരുമാനിച്ചു. പി.എസ്.സിയുടെ അഭിപ്രായം മറികടന്ന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം നൽകുന്നത്.