കാക്കനാട്: സര്‍ക്കാര്‍ ഓഫീസുകള്‍ വിവരങ്ങളെല്ലാം സ്വമേധയാ വെളിപ്പെടുത്താന്‍ തയാറായാല്‍ വിവരാവകാശ നിയമപ്രകാരമുള്ള പരാതികള്‍ കുറയുമെന്ന് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സണ്‍ എം പോള്‍ പറഞ്ഞു. കളക്ടറേറ്റില്‍ വിവരവകാശ നിയമം 2005 സംബന്ധിച്ച പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം നിലവില്‍ വന്ന് 13 വര്‍ഷമായിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ ഇത് നടപ്പിലാക്കുന്നതില്‍ പിന്‍പന്തിയിലാണ്. രേഖകളെല്ലാം കമ്പ്യൂട്ടറില്‍ ശേഖരിക്കണം. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ രൂപീകരിച്ച് സൂക്ഷിക്കണം. ഇത് വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. ഓരോ വര്‍ഷവും വെബ് സൈറ്റില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ സേവിക്കാന്‍ തയാറാകണം. അവരുടെ മാസ്റ്റര്‍ ആകരുത്. ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് ജനങ്ങള്‍ വിവരാവകാശ നിയമവുമായി വരുന്നത്. സേവനം ഓഫീസില്‍ തന്നെ നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസുകളില്‍ ഭൂമിയുടെ സ്‌കെച്ച് വേണ്ടവര്‍ വിവരാവകാശ നിയമം വഴി ചോദിച്ചാല്‍ വെള്ള പേപ്പറില്‍ നല്‍കേണ്ടതാണെന്നും അതിന് പ്രത്യേക ഫീസ് ഈടാക്കാനാകില്ലെന്നും കമീഷണര്‍ പറഞ്ഞു. നിലവിലെ നിയമപ്രകാരം ആവശ്യമായ കോപ്പിയുടെ തുകമാത്രമേ ഈടാക്കാനാകൂ. രജിസ്ട്രാര്‍ ഓഫീസുകളിലെ തെരച്ചില്‍ ഫീസും ഒടുക്കാനാകില്ല. വിവരാവകാശ നിയമം സര്‍ക്കാരിന്റെ വരുമാനമുണ്ടാക്കാനുള്ള മേഖലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോദ്യങ്ങളില്‍ 30 ദിവസത്തിനകം  മറുപടി നല്‍കണം. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പദവി വ്യക്തമാക്കി വേണം മറുപടി നല്‍കാന്‍. അപേക്ഷകന് സംശയങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. മറ്റു വകുപ്പുകളില്‍ നിന്നും മറുപടി ലഭിക്കേണ്ട കാര്യമാണെങ്കില്‍ വകുപ്പുകളിലേക്ക് അപേക്ഷ കൈമാറണം. ഇത് അപേക്ഷകനെയും അറിയിക്കണം. വിവരങ്ങള്‍ മനപ്പൂര്‍വം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് നടപടിയുണ്ടാകുക. മറുപടികള്‍ സാധാരണ തപാലില്‍ ആണ് അയക്കേണ്ടത്. രജിസ്‌ട്രേഡ് തപാലില്‍ അയക്കേണ്ടതില്ല. അപേക്ഷ ഓഫീസില്‍ എന്നാണോ ലഭിച്ചത് അന്നു മുതല്‍ ലഭിച്ച ദിവസമായി കണക്കാക്കും. അപേക്ഷകള്‍ വിഭാഗങ്ങള്‍ തിരിച്ചു നല്‍കണം. മറുപടി നല്‍കാന്‍ കാലതാമസം വരുത്തുന്നത് വിഭാഗങ്ങളുടെ ക്ലാര്‍ക്ക് ആണെങ്കില്‍ അവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. മറുപടി നല്‍കാന്‍ കഴിയാത്ത പരാതികളാണ് ലഭിക്കുന്നതെങ്കില്‍ എന്തുകൊണ്ട് അപേക്ഷ നിഷേധിക്കുന്നു എന്നതിന് ഉദ്യോഗസ്ഥന്‍ കൃത്യമായി മറുപടി നല്‍കണം. ചോദ്യരൂപത്തിലുള്ള അപേക്ഷകള്‍ക്കും ഓഫീസിലെ റെക്കോഡുകളില്‍ മറുപടി ഉണ്ടെങ്കില്‍ അത് നല്‍കണം. ഉദ്യോഗസ്ഥരുടെ സര്‍വീസ് ബുക്കിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തിഗതമായ വിവരങ്ങള്‍ ഒഴിവാക്കി മറ്റു വിവരങ്ങള്‍ നല്‍കാമെന്നും കമീഷണര്‍ പറഞ്ഞു.
വിവരാകാശ കമീഷണില്‍ രണ്ടാമത്തെ അപ്പീലുകള്‍ മുതല്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. മറുപടിയും ഓണ്‍ലൈനായി ലഭിക്കും. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന ക്ലാസില്‍ അഡീഷണ്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ.കബീര്‍, വിവിധ വകുപ്പുതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന വിവരവകാശ നിയമം 2005 സംബന്ധിച്ച പരിശീലന ക്ലാസില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ സംസാരിക്കുന്നു.