ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ, ജെൻഡർ ബെയ്‌സ്ഡ് അതിക്രമങ്ങൾ എന്നിവയ്ക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ആശ്വാസം നൽകുന്നതിന് ‘ആശ്വാസനിധി’ പദ്ധതിക്ക് ഭരണാനുമതി നൽകി ഉത്തരവായി. ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസരിച്ച്, കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ/സ്ത്രീകളുടെ പരാതിയിൽ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരുടെ പരാതി നിർഭയ സെൽ സംസ്ഥാന കോ-ഓർഡിനേറ്ററുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർനടപടി സ്വീകരിക്കണം.  വിവിധ പരാതികളിൽ ആശ്വാസധനമായി അനുവദിക്കാവുന്ന ചുരുങ്ങിയ തുകയും പരമാവധി തുകയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി മൂന്നുകോടി രൂപ നടപ്പുസാമ്പത്തികവർഷം വിനിയോഗിക്കാനും അനുമതിനൽകിയിട്ടുണ്ട്.