കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ ദേശീയപാതാ വികസനവും മറ്റു വന്‍കിട പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ തൊണ്ടയാട് മേല്‍പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്ന് നടപ്പാക്കുമ്പോള്‍ മറ്റൊന്നിനെ അവഗണിക്കുകയില്ല. പുനര്‍ നിര്‍മ്മാണത്തേയും നാടിന്റെ സമഗ്രവികസനത്തേയും സമന്വയിപ്പിക്കുന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ആ രീതിയിലാണ് യാഥാര്‍ത്ഥ്യമാക്കിയത്. കാലവര്‍ഷക്കെടുതി നിരവധി പാഠങ്ങളാണ് നമുക്കു പകര്‍ന്നുനല്‍കിയിട്ടുള്ളത്. അവ ഉള്‍ക്കൊണ്ടുകൊണ്ട് പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള പുനര്‍നിര്‍മാണം വിഭാവനം ചെയ്യുന്ന റീബിള്‍ഡ് കേരള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വലിയ ദുരന്തങ്ങളില്‍ നിന്ന് വിജയകരമായി കരകേറിയ രാജ്യങ്ങളുടെ അനുഭവം കൂടി കണക്കിലെടുത്താണ് പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കിവരുന്നത്. വേഗത, കാര്യക്ഷമത, ഗുണനിലവാരം, ദീര്‍ഘകാല ഈടുനില്‍പ്പ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതും നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതത് പ്രദേശങ്ങളുടെ സവിശേഷതകള്‍ കൂടി ഉള്‍ക്കൊള്ളുന്ന വിധത്തിലാവും പുനര്‍നിര്‍മാണം നടപ്പിലാക്കുക.

തകര്‍ക്കപ്പെട്ട റോഡുകളുടെ അവശിഷ്ടങ്ങളില്‍ നിന്നുതന്നെ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും നവീകരണത്തിനും വേണ്ട അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അവലംബിക്കുന്നത്. നഷ്ടപ്പെട്ടുപോയവ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം എന്ന കാഴ്ചപ്പാട് നമ്മെ നയിക്കുമ്പോള്‍ തന്നെ അത് പാരിസ്ഥിതിക താല്‍പര്യങ്ങളെയും സുസ്ഥിര മാതൃകകളെയും ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കണ്ണൂര്‍ വിമാനത്താവളം ആ രീതിയിലാണ് യാഥാര്‍ത്ഥ്യമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തില്‍ ഓഖിയും പ്രളയവുംമൂലം ചില തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍, അവ പരിഹരിച്ചുകൊണ്ട് തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്. തീരദേശ മലയോര ഹൈവേകള്‍, ദേശീയ ജലപാത, വാട്ടര്‍ മെട്രോ, കൊച്ചി മെട്രോയുടെ വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികളും ലക്ഷ്യത്തോടടുക്കുകയാണ്.

കോഴിക്കോട് ബൈപ്പാസില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് മെഡിക്കല്‍ കോളേജ് – മാവൂര്‍ റോഡിലൂടെയാണ്. അതിന്റെ ഫലമായി സ്ഥിരമായി റോഡപകടങ്ങളും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന മേഖലയായിരുന്നു കോഴിക്കോടിന്റെ കിഴക്കുഭാഗത്തെ ദേശീയപാത. ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ദേശീയപാതാ വികസനം മുന്നോട്ടുകൊണ്ടുപോകുവാനുമാണ് ബൈപ്പാസിലെ പ്രധാന കവലയായ തൊണ്ടയാട് ജങ്ഷനില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
474 മീറ്റര്‍ ദൈര്‍ഘ്യവും 12 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലം ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതോടെ റോഡപകടങ്ങള്‍ കുറയുമെന്നതിലും ഗതാഗതക്കുരുക്കിന് ശമനമുണ്ടാകുമെന്നതിലും സംശയമില്ല. 59 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നതെങ്കിലും 46 കോടി രൂപ മാത്രം ചെലവുചെയ്തുകൊണ്ട് മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമായ വസ്തുതയാണ്. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ സര്‍ക്കാര്‍ പണം വിനിയോഗിച്ച് സമയബന്ധിതമായി ഇതിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍വഹിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആറുവരി ദേശീയപാതയിലെ മൂന്നുവരി ഭാഗത്തു മാത്രമാണ് ഇപ്പോള്‍ മേല്‍പ്പാലവും അനുബന്ധ സര്‍വീസ് റോഡുകളും ഗതാഗതത്തിന് സജ്ജമാക്കിയിട്ടുള്ളത്. കോഴിക്കോട് ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി അവശേഷിക്കുന്ന മൂന്നുവരിപ്പാതയില്‍ കൂടി ദേശീയപാതാ അതോറിറ്റി മേല്‍പ്പാലം നിര്‍മിക്കും. അതായത് തൊണ്ടയാട് ജങ്ഷനില്‍ ഇതേ രീതിയില്‍ തന്നെ മറ്റൊരു പാലം കൂടി വരുമെന്നര്‍ത്ഥം. ഇത്തരത്തില്‍ ആറുവരിപ്പാതയിലും മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ബൈപ്പാസിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന വിധത്തിലാണ് മേല്‍പ്പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പാലത്തിന് സമാന്തരമായി ഇരുഭാഗങ്ങളിലും സര്‍വീസ് റോഡുകളും വൈദ്യുതി വിളക്കുകളും സ്ഥാപിച്ച് ഇതിന്റെ മോടി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രളയത്തിന് മുമ്പുള്ള പദ്ധതിരേഖ അടിസ്ഥാനമാക്കിയാണ് ഈ മേല്‍പ്പാലം നിര്‍മിച്ചിട്ടുള്ളതെങ്കിലും പ്രളയകാലത്തെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മാതൃകാപരമായ ഇടപെടലാണത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയെ ആകെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു പ്രളയം. സംസ്ഥാനത്തെ പല റോഡുകളും തകര്‍ന്നടിഞ്ഞു. മലയോര മേഖലകളില്‍ ഗതാഗത സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ചെങ്കിലും തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം പൂര്‍ണമായി ഇനിയും സാധ്യമായിട്ടില്ല. ഈ സാമ്പത്തികവര്‍ഷം തീരുന്നതിനു മുമ്പുതന്നെ നഷ്ടപ്പെട്ട റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്. പ്രളയമുണ്ടായതിന്റെ പേരില്‍ നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ചിട്ടുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സാമ്പത്തിക പ്രയാസത്തിന്റെ പേരില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയുമില്ല. നമ്മുടെ നാടിന്റെ ഭാവിക്ക് ഉതകുന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. പി.ഡബ്ല്യൂ.ഡി (നാഷണല്‍ ഹൈവേ) ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ എം.കെ. മുനീര്‍, എ.പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി.ടി. സത്യന്‍, എം.പി. സുരേഷ്, എം. രാധാകൃഷ്ണന്‍, കെ.ടി. സുഷാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. മോഹനന്‍ മാസ്റ്റര്‍, ടി.വി. ബാലന്‍, ഉമ്മര്‍ പാണ്ടികശാല, ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ്, കെ. ലോഹ്യ, മനയത്ത് ചന്ദ്രന്‍, സി.പി ഹമീദ്, ടി.എം. ജോസഫ്, ബഷീര്‍ ബഡേരി, നാഷണല്‍ ഹൈവേ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി.എസ്. സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.