ശബരമില മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 14 ന് കൂടുതൽ വാഹനങ്ങൾ എത്തുന്ന സാഹചര്യത്തിൽ പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ 13 ന് വൈകിട്ട് 4 മണി മുതൽ ളാഹയിൽ തീർത്ഥാടകരെ ഇറക്കണമെന്ന് പോലീസ് അറിയിച്ചു. തീർത്ഥാടകർ ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പയിലേക്ക് പോകണം. തീർത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങൾ ളാഹ, മഞ്ഞത്തോട് റോഡ്, ളാഹ ക്ഷേത്രത്തിനു പുറകിൽക്കൂടിയുള്ള റോഡ്, ളാഹ എസ്റ്റേറ്റ്-ബംഗ്ലാവ് റോഡ്, പുതുക്കട-ഇടയ തമ്പുരാട്ടിക്കാവ് റോഡ്, ളാഹയിലും പരിസരത്തുമായി റോഡ് ഗതാഗതം തടസപ്പെടാത്ത വിധം പാർക്ക് ചെയ്യണം. ഇവിടത്തെ പാർക്കിംഗ് സ്ഥലം നിറയുന്നതോടെ പിന്നീടുള്ള വാഹനങ്ങൾ പെരുനാട്ടിൽ തീർത്ഥാടകരെ ഇറക്കണം. ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസ് ബസുകളിൽ പമ്പയിലേക്ക് പോകണം. വാഹനങ്ങൾ പുതുക്കട-ചിറ്റാർ റോഡ്, പുതുക്കട-കണ്ണന്നുമൺ റോഡ്, കാർമ്മൽ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, മടത്തുംമൂഴി-കണ്ണനൂമൺ റോഡിൽ നെടുമൺവരെയുള്ള റോഡ് സൈഡുകളിൽ പാർക്ക് ചെയ്യണം. പിന്നീടുള്ള വാഹനങ്ങൾ തീർത്ഥാടകരെ വടശ്ശേരിക്കരയിൽ ഇറക്കിയ ശേഷം സീതത്തോട് സ്‌കൂൾ ഗ്രൗണ്ട്, സീതത്തോട്-അള്ളുങ്കൽ റോഡ്, ആങ്ങമൂഴി സ്‌കൂൾ ഗ്രൗണ്ട്, ആങ്ങമൂഴി-ചിറ്റാർ റൂട്ടിൽ സീതത്തോട് വരെയുള്ള റോഡ് സൈഡ്, ആങ്ങമൂഴി-കോട്ടമൺപാറ റോഡ്, ആങ്ങമൂഴി-ഗവി റൂട്ടിൽ റോഡ് സൈഡ്, പാലത്തടിയാർ മുതൽ മുഴിയാർ ജംഗ്ഷൻവരെയുള്ള റോഡ് സൈഡിലുമായും, ലഭ്യമായ ഇടത്താവളങ്ങളിലും പാർക്ക് ചെയ്യണം.
13 ന് വൈകിട്ട് നാല് മണി മുതൽ എരുമേലിയിൽ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. തീർത്ഥാടകർ കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പയിലേക്ക് പോകണം. ഏരുമേലി പാർക്കിംഗ് ഗ്രൗണ്ട് നിറയുന്നതോടെ പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും, റോഡിന്റെ ഇടതുവശത്തും പാർക്ക് ചെയ്തതിനു ശേഷം പൊൻകുന്നത്തു നിന്നും കെ.എസ്.ആർ.ടി.സി ബസുകളിൽ എരുമേലി-നിലയ്ക്കൽ വഴി പമ്പയ്ക്ക് പോകണം. ഇടുക്കി ജില്ലയിൽ നിന്നും മുണ്ടക്കയം വഴി നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങൾ വണ്ടിപ്പെരിയാർ, ലഭ്യമായ മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ നിന്നും നിലയ്ക്കലേക്ക് ഉള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നിർത്തി വയ്ക്കും. സ്വകാര്യ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കില്ല. മകരജ്യോതിക്ക് ശേഷം പോലീസിന്റെ നിർദ്ദേശം ലഭിച്ചതിനു ശേഷം മാത്രമെ നിലയ്ക്കലേക്ക് കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ പുനരാരംഭിക്കാനും സ്വകാര്യ വാഹനങ്ങൾ കടത്തി വിടാനും അനുവദിക്കുകയുള്ളൂ.