സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പുതുപരിയാരം ഗ്രാമപഞ്ചായത്ത് അനുവദിച്ച 4.5 സെന്റ് സ്ഥലത്തില്‍ രണ്ട് നിലകളിലായി 5500 സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി 27.5 ലക്ഷം രൂപ സ്റ്റേറ്റ് പ്ലാൻ ഫണ്ടില്‍ അനുവദിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് രോഗനിര്‍ണയത്തിന് അനിവാര്യമായ ലബോറട്ടറി പരിശോധനകളുടെ സേവനങ്ങളാണ് ലബോറട്ടറി വഴി ലഭ്യമാകുക. പ്രാഥമികമായി ഡെങ്കിപനി ടെസ്റ്റായ എലൈസ ടെസ്റ്റുകളുടെ പരിശോധന നിലവില്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാധാരണ ലബോറട്ടറി പരിശോധനകള്‍ക്കൊപ്പം പകര്‍ച്ചവ്യാധികളുമായി ബന്ധപെട്ട സര്‍വൈലന്‍സ് സാമ്പിള്‍, ഔട്ട് ബ്രേക്ക് സാമ്പിള്‍, മൈക്രോബയോളജിക്കല്‍ സാമ്പിള്‍, മോളിക്യൂളര്‍ ടെസ്റ്റ്, പകര്‍ച്ചവ്യാധികളുടെ സാമ്പിളുകള്‍ പ്രത്യേകിച്ചും ഔട്ട് ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയിടങ്ങളില്‍ നിന്നുമുള്ള സാമ്പിളുകള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി വിജയന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ടി.വി റോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആര്‍.പി.എച്ച് ലബോറട്ടറി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. ശോഭന, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍. ഇന്ദിര, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് ദാസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. ഉഷ കുമാരി, വാര്‍ഡ് മെമ്പര്‍ എസ്. ബഷീര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ ലാബ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍. ഷാഹിന്‍, പുതുപ്പരിയാരം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ആര്‍. ഷിനോജ്, ആരോഗ്യപ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.