രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നടക്കുന്ന ‘രക്തസാക്ഷ്യം’ – 2019ന് തുടക്കമായി. കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച കായികതാരങ്ങളുടെ ദീപശിഖാ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. സമകാലികമായി ഏറെ അനുസ്മരിക്കപ്പെടേണ്ടതാണ് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വമെന്ന് റാലി ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു. സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍ നായരില്‍ നിന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടാലന്റ് ഫുട്‌ബോള്‍ ക്ലബ്, ക്ലബ് വിക്ടോറിയ, എസ്റ്റര്‍ അക്കാദമി, റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍, ചെമ്പലോട് കൈരളി കളരി സംഘം, മലമ്പുഴ ഗവ. സ്‌കൂള്‍, കൊടുന്തിരപ്പുള്ളി ഗ്രേസ് ഹൈസ്‌കൂള്‍, സി.എഫ്.ഡി.എച്ച്.എസ് മാത്തൂര്‍, മുണ്ടൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കായികതാരങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ദീപശിഖാ റാലിക്ക് അകത്തേത്തറ ശബരി ആശ്രമത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
സാംസ്‌കാരിക ഉന്നതസമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, സംഘാടകസമിതി കണ്‍വീനര്‍ ടി.ആര്‍ അജയന്‍, സ്വാതന്ത്ര സമരസേനാനി കെ.പി രവീന്ദ്രന്‍നായര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.