ആലപ്പുഴ: കേരള പുനർനിർമാണത്തിന്റെ ഭാഗമായി റീ ബിൽഡ് കേരളയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ആനുകൂല്യ വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ കർശന നിർദ്ദേശം. കളക്ടർ എസ്.സുഹാസ് ചേർത്തല, കുട്ടനാട് താലൂക്കുകളിലെ പ്രളയാനന്തര ആനുകൂല്യ വിതരണം സംബന്ധിച്ച് വിളിച്ചുചേർത്ത തദ്ദേശ സ്വയഭരണ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് പ്രളയത്തിൽ ദുരിതം അനുഭവിച്ച പരമാവധി ആളുകൾക്ക് ആനൂകൂല്യം നൽകേണ്ടതുണ്ട്. നിയമങ്ങളും ചട്ടങ്ങളും അർഹർക്ക് അർഹർക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തല താലൂക്കിലെ പ്രളയദുരിതത്തിൽപെട്ട ഗുണഭോക്താക്കൾക്ക് റീബിൾഡ് കേരള പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തല എസ്.എൻ.എം. ജി.ബി.എച്ച്. എസ്.എസ്സിലാണ് യോഗം വിളിച്ചത്.
ചേർത്തല മുനിസിപ്പാലിറ്റിയുടെയും 18 ഗ്രാമപഞ്ചായത്തുകളിലെയും 15 ശതമാനം മുതൽ 100 ശതമാനം വരെ പ്രളയം മൂലം നാശനഷ്ടം സംഭവിച്ച വീടുകളുടെ വിവരം ജില്ല കളക്ടർ പ്രത്യേകമായി ചോദിച്ചു അവലോകനം നടത്തി.

റീബിൾഡ് കേരളയുടെ ഭാഗമായി പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ച ചേന്നം പള്ളിപ്പുറം, എഴുപുന്ന ഗ്രാമപ്പഞ്ചായത്തുകളെ കളക്ടർ അഭിനന്ദിച്ചു. പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന അരൂർ (23 കേസുകൾ)കഞ്ഞിക്കുഴി, വയലാർ(72 കേസുകൾ),തണ്ണീർമുക്കം(116കേസുകൾ) തുടങ്ങിയ പഞ്ചായത്തുകൾ കൂടുതൽ കാര്യക്ഷമമായി നടപടികൾ നിർവഹിച്ച് രണ്ടു ദിവസത്തിനുള്ളിൽ ലിസ്റ്റ് തഹസിൽദാർക്ക് നൽകണം. കുടിശിക ജോലികൾ പൂർത്തിയാക്കി തഹസിൽദാർ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.

അരൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥയോട് യോഗത്തിൽ അരൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പങ്കെടുക്കാത്തതിനുള്ള അതൃപ്തി കളക്ടർ അറിയിക്കുകയും സെക്രട്ടറി ജില്ലാ കളക്ടറെ നേരിൽ കാണുവാൻ നിർദേശിക്കുകയും ചെയ്തു.75 ശതമാനത്തിനു മുകളിൽ ഭവന നാശം സംഭവിച്ച ഗുണഭോക്താക്കൾക്ക് അവരവരുടെ പേരിൽ ഭൂമിയില്ലെന്ന കാരണത്താൽ അപേക്ഷകൾ തള്ളേണ്ടതില്ലെന്നും ആ വ്യക്തികൾക്ക് തങ്ങൾ താമസിക്കുന്ന സ്ഥലത്ത് മറ്റ് അവകാശികളിൽ നിന്നും സമ്മതപത്രം മുദ്രപത്രത്തിൽ വാങ്ങി തുക അനുവദിക്കുവാനും തഹസിൽദാർക്ക് നിർദേശം നൽകി.
കൈവശ രേഖയുള്ളവർക്കും,വീട് അനുവദിച്ചു നൽകുവാൻ തടസ്സമില്ലെന്നു പറഞ്ഞ കളക്ടർ, പുറമ്പോക്ക് ഭൂമിയിൽ മറ്റ് ഭൂമി സംബന്ധമായ രേഖകളില്ലാതെ വസിക്കുന്ന ഗുണഭോക്താക്കൾക്ക് 75 ശതമാനത്തിനു മുകളിലാണ് നാശനഷ്ടമെങ്കിൽ ആയത് 75 ശതമാനത്തിന് താഴെ എന്ന് നാശനഷ്ടം കണക്കാക്കി ലിസ്റ്റ് നൽകുന്ന മുറയ്ക്ക് തുക അനുവദിച്ചു നൽകുവാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ ചേർത്തല താലൂക്കിന്റെ മേൽനോട്ടം വഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ സന്തോഷ് കുമാർ എസ്.,ചേർത്തല തഹസിൽദാർ അബ്ദുൽ റഷീദ്,ഡെപ്യൂട്ടി തഹസിൽദാർമാരായ ആർ.ഉഷ,ആർ.ജയേഷ്,എസ്.ഷീജ മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചേർത്തല താലൂക്കിലെ മുനിസിപ്പൽ ചെയർമാൻ,സെക്രട്ടറി, എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ,സെക്രട്ടറിമാർ,ബി.ഡി. ഒ.മാർ,എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തുടർന്ന് ജില്ലാകളക്ടർ കുട്ടനാട്ടിലെ മങ്കൊമ്പിൽ അവലോകന യോഗം നടത്തി. റീബിൽഡ് കേരളയുടെ ഭാഗ്മായി കുട്ടനാട്ടിൽ 52,6721100 രൂപ(52.67 കോടി) ഇതുവരെ വിതരണം ചെയ്തതായി യോഗം വിലയിരുത്തി. പൂർണമായി തകർന്ന വീടുകളിൽ 294 എണ്ണത്തിന് ആദ്യ ഘട്ട ധനസഹായമായ 95,100 രൂപ നൽകി. ആകെ നാല് ലക്ഷം രൂപയാണ് ഇവർക്ക് നൽകുന്നത്. തുടർന്നുള്ള തുക രണ്ട് ഘട്ടങ്ങളായി സി.എം.ഡി.ആർ.എഫിൽ നിന്നാണ് നൽകുക. അടിത്തറ കെട്ടിത്തീർത്ത ഇതിലെ 66 വീടുകൾക്ക് രണ്ടാം ഗഡുവും ഇതിനകം നൽകി. വീടുകൾക്ക് 15 ശതമാനം നഷ്ടം രേഖപ്പെടുത്തിയ 12024 പേർക്ക് കുട്ടനാട്ടിൽ 10,000 രൂപ വീതം നൽകി. 16 മുതൽ 29 ശതമാനം വരെ നഷ്ടപ്പെട്ട 6141 പേർക്ക് 60,000 രൂപ വീതവും നൽകിയിട്ടുണ്ട്. മറ്റുവിഭാഗങ്ങളുടെ നാശനഷ്ടപരിശോധന ഫെബ്രുവരി 10 നകം പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുട്ടാർ, കാവാലം, എടത്വ, രാമങ്കരി, നെടുമുടി, തകഴി, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചതായി കളക്ടർ വിലയിരുത്തി. വെരിഫിക്കേഷന് കൂടുതൽ എണ്ണം വീടുകൾ ഉള്ള പഞ്ചായത്തുകളിലേക്ക് ആവശ്യത്തിന് ജീവനക്കാരെ അധികമായി അനുവദിക്കാൻ സബ്കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക് കളക്ടർ നിർദ്ദേശം നൽകി. അതിന് അവസാന വർഷ സിവിൽ എൻജിനിയറിങ് വിദ്യാർഥികളെ പരിഗണിക്കാനും നിർദ്ദേശം നൽകി. തഹസിൽദാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.