മാവേലിക്കര : വിഷരഹിത മീൻ ഇനി മാവേലിക്കരയിലും. ജില്ലയിലെ ആദ്യത്തെ ഫിഷ് മാർട്ടാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ ആരംഭിച്ചിരിക്കുന്നത്.കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടലോര, കായലോര പ്രാഥമിക മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും, തോട്ടപ്പള്ളി, അഴീക്കൽ, ശക്തികുളങ്ങര നീണ്ടകര ഫിഷ്‌ലാന്റിം സെന്റർ വഴിയുമാണ് ഫിഷ് മാർട്ടിൽ മത്സ്യം സംഭരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം തീരത്തു നിന്നും നേരിട്ട് സംഭരിച്ച് , രാസവസ്തു വിമുക്തമായും ന്യായവിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവേലിക്കര പുതിയകാവിലുള്ള ബ്ലോക്ക് പഞ്ചായത്ത് കോപ്ലക്‌സിൽ ഫിഷ് മാർട്ട് ആരംഭിച്ചിരിക്കുന്നത്. നെയ്മീൻ, ആവോലി, വറ്റ, സ്രാവ് , കരിമീൻ, മോത, ചൂര. ചെമ്മീൻ, അയില, ചാള , നോത്തോലി തുടങ്ങി ഇരുപത്തഞ്ചിൽപ്പരം മത്സ്യങ്ങളാണ് മാവേലിക്കരയിലെ മാർട്ടിലൂടെ വിപണത്തിനെത്തുന്നത്. ഇതു കൂടാതെ മതസ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന മൂല്യ വർധിത ഉത്പന്നങ്ങളായ മത്സ്യ, ചെമ്മീൻ അച്ചാറുകൾ ഫിഷ് കട്‌ലറ്റ് , വിവിധയിനം കറികൾ മത്സ്യക്കറിക്കൂട്ടുകൾ തുടങ്ങിയ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ജീവിത ശൈലീ രോഗങ്ങളായ അമിതവണ്ണം, കോളസ്‌ട്രോൾ എന്നിവ കുറയ്ക്കുന്നതിന് മത്സ്യഫെഡ് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കൈറ്റോൺ ഗുളികയും ഫിഷ് മാർട്ടിൽ നിന്നും കിട്ടും. ഏതിനം മത്സ്യവും ഉപഭോക്താവിന് വെട്ടി വൃത്തിയാക്കി നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി പൂർണമായി ശീതീകരിച്ചിരിക്കുകയാണ് ഫിഷ് മാർട്ട്.