സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലേക്ക് മികച്ച എൻ.സി.സി കേഡറ്റുകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ 2019 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നൽകുന്ന അപേക്ഷയുടെ പകർപ്പും എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അതാത് എൻ.സി.സി യൂണിറ്റുകളിൽ മാർച്ച് ഒന്ന് വരെ സ്വീകരിക്കും. എൻ.സി.സി ഡയറക്ടറേറ്റിൽ നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കുറഞ്ഞത് 75 മാർക്ക് എൻ.സി.സി പരിശീലനങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉള്ള കേഡറ്റുകളുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. ഈ ഇനത്തിൽ പരമാവധി ലഭിക്കുന്ന മാർക്ക് 500 ആണ്. എൻ.സി.സി ക്വാട്ട വഴി പ്രവേശനം ലഭിക്കുവാൻ ആഗ്രഹിക്കുന്ന കേഡറ്റുകൾ വിവരം അപേക്ഷ ഫാറത്തിൽ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ അടുത്തുള്ള എൻ.സി.സി ഓഫീസിൽ ലഭിക്കും. www.keralancc.org യിലും വിശദാംശങ്ങളുണ്ട്.