പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആറന്മുള നിയോജകമണ്ഡലത്തില്‍  ഊര്‍ജിതപ്പെടുത്തുന്നതിന് വീണാ ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  രോഗബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കൃഷി വകുപ്പില്‍ നിന്നും റാറ്റ് കേക്ക് പോലുള്ള എലിപ്പനി പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെന്ന് യോഗം നിര്‍ദേശിച്ചു.
പ്രളയശേഷം ആറന്മുള നിയോജകമണ്ഡലത്തിലെ ശുദ്ധജലസ്രോതസുകള്‍ മലിനപ്പെട്ടിരുന്നു. ഇത് പുനരുപയോഗത്തിനായി ശുചിയാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി ജലത്തിന്റെ ശുദ്ധത അളക്കുന്നതിനായി ജനങ്ങള്‍ അതത് പഞ്ചായത്തില്‍ വെള്ളം എത്തിക്കുകയാണെങ്കില്‍ അത് പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ലാബിലേക്ക് നല്‍കണമെന്നും യോഗം തീരുമാനിച്ചു. റബര്‍ തോട്ടങ്ങളില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ ഉടമസ്ഥര്‍ സ്വീകരിക്കണം. മഴക്കാലത്തിന് മുന്‍പായി ബോധവത്ക്കരണ പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യണം. ഡെങ്കിപ്പനി, എലിപ്പനി , മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനായി ആരോഗ്യവകുപ്പ് , ശുചിത്വ മിഷന്‍,  ഹരിതകേരള മിഷന്‍, കൃഷി, ജലവിഭവം തുടങ്ങിയ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിപുലമായ യോഗങ്ങള്‍ വിവിധ വകുപ്പുകളുമായി ഒന്നിച്ച് ചേരണമെന്നും തീരുമാനമായി.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ മായ, വല്ലന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ.അഖില  തുടങ്ങിയവര്‍ പങ്കെടുത്തു.