വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊല്ലം സിറ്റിയില്‍ പുതുതായി അനുവദിക്കപ്പെട്ട കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. കുളപ്പാടം കേന്ദ്രമാക്കി ആരംഭിച്ച പോലീസ് സ്റ്റേഷന്റെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ ജനം വിലയിരുത്തുന്നത് പോലീസിന്റെ പ്രവര്‍ത്തനം കൂടി വീക്ഷിച്ചാണ്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹം നിരീക്ഷിക്കുന്നുവെന്ന ബോധം ഉണ്ടാകണം. അഴിമതി, സ്വജനപക്ഷപാതം എന്നിവ പോലീസില്‍ ഉണ്ടാകാതിരിക്കാന്‍ മേലുദേ്യാഗസ്ഥര്‍ ശ്രദ്ധിക്കണം. കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുന്ന ഉദേ്യാഗസ്ഥര്‍ക്ക് ധൈര്യം പകരുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പോലീസ് ഉദേ്യാഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതേ്യക ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണപരമായ സൗകര്യങ്ങള്‍ പരിഗണിച്ച് വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങള്‍ പുനഃക്രമീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത    വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.
കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എല്‍.എ, കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന്‍, ചാത്തന്നൂര്‍ എ.സി.പി എസ്.എസ്. സുരേഷ്‌കുമാര്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. നാസറുദ്ദീന്‍, ജെ. സുലോചന, ജനപ്രതിനിധികളായ ജോര്‍ജ്ജ് മാത്യൂ, ടി.എന്‍. മന്‍സൂര്‍, പള്ളിമണ്‍ സന്തോഷ്, ആര്‍. ബിജു, എല്‍. അനിത, സുല്‍ബത്ത്, വിവിധ കക്ഷി നേതാക്കളായ എന്‍. സന്തോഷ്, കെ. ദിനേശ് ബാബു, കണ്ണനല്ലൂര്‍ ബെന്‍സിലി, കെ. സുനി, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.