ടൂറിസം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ ഭാവി വികസനം ടൂറിസത്തില്‍ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ജി.ഡി.പി യുടെ 10 ശതമാനവും ടൂറിസമാണ് സംഭാവന ചെയ്യുന്നത്. ഇത് 20 ശതമാനമാക്കി ഉയര്‍ത്തനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളം മുഴുവനായി ഒരൊറ്റ ടൂറിസം ലക്ഷ്യകേന്ദ്രമായി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍.
ലോകമാകെ കേരളത്തിലേക്ക് എന്ന സാഹചര്യം വിനോദ സഞ്ചാര മേഖലയില്‍ വരുംവര്‍ഷങ്ങളില്‍ ഉണ്ടാകും. വ്യവസായ ശാലകളോ വന്‍പദ്ധതികളോ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് വരുക ബുദ്ധിമുട്ടാണ്. പരിസ്ഥിതി സൗഹൃദമായ പദ്ധതി എന്നുള്ള നിലയില്‍ ടൂറിസത്തിന് വലിയ പ്രാമുഖ്യമാണ് കേരളത്തിലുണ്ടാവുക. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിച്ച് തദ്ദേശിയര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
കൊല്ലം ജില്ലയില്‍ 60 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ 32 മാസക്കാലമായി നടപ്പിലാക്കുന്നത്. സര്‍ക്കാരും സ്വകാര്യ സംരംഭകരും കൈകോര്‍ക്കുമ്പോള്‍ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ജടായൂ പാറ വിനോദ സഞ്ചാര പദ്ധതി തെളിയിച്ചതായി മന്ത്രി പറഞ്ഞു.
കൊല്ലം ബീച്ച് വികസന പദ്ധതി, അഷ്ടമുടി-മണ്‍ട്രോ വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രോജക്ട്, വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ആന്റ് സെയില്‍സ് എംപോറിയം, പുനര്‍ജ്ജനി ക്വയിലോണ്‍ ഇക്കോ പാര്‍ക്ക് പദ്ധതി, ആശ്രാമം ഹെറിറ്റേജ് വാക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം, കൊട്ടാരക്കര പുലമണ്‍ തോട് പുനരുജ്ജീവനം, പുനലൂര്‍ ബാത്തിംഗ് ഘട്ട് നവീകരണം എന്നിവ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു.
ടൂറിസം ഭൂപടത്തില്‍ കൊല്ലം ഇടം പിടിച്ചത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശ്രമഫലമായാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, കെ. സോമപ്രസാദ് എം.പി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് അംഗം എക്‌സ്. ഏണസ്റ്റ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഗിരീഷ്‌കുമാര്‍, സെക്രട്ടറി സി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.