ഇരുപതാമത് കന്നുകാലി സെൻസസിന് സംസ്ഥാനത്ത് തുടക്കമായി. മൃഗസംരക്ഷണ മന്ത്രി കെ. രാജു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സെൻസസിന് തുടക്കം കുറിച്ചത്. വളർത്തു മൃഗങ്ങളുടെ വിവരം മുഖ്യമന്ത്രി നൽകി. കാലിത്തൊഴുത്തിലും മത്‌സ്യക്കുളത്തിലും പക്ഷികളുടെ കൂടുകൾക്ക് സമീപത്തും മന്ത്രിയെ കൂട്ടിക്കൊണ്ടുപോയി മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു.
ക്‌ളിഫ് ഹൗസിൽ വളർത്തുന്ന ജേഴ്‌സി പശു, വെച്ചൂർ പശുക്കുട്ടി, താറാവ്, കോഴികൾ, മത്‌സ്യകൃഷി എന്നിവയുടെ വിവരം മന്ത്രി കെ. രാജു രേഖപ്പെടുത്തി. മൃഗസംരക്ഷണ ഡയറക്ടർ എസ്. സദാനന്ദൻ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
15 തരം മൃഗങ്ങളുടെയും എട്ട് തരം കോഴിയിനങ്ങളുടെയും വിവരങ്ങൾ ഇത്തവണത്തെ സെൻസസിൽ എടുക്കുന്നുണ്ട്. മത്‌സ്യകൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, അലഞ്ഞു തിരിയുന്ന നായ്ക്കളുടെ വിവരം, കശാപ്പുശാലകളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. കന്നുകാലി, പൗൾട്രി കർഷകരുടെ ആധാർ നമ്പർ, ഫോൺ നമ്പർ, ബയോമെട്രിക് ഐ. ഡി കാർഡ്  വിവരങ്ങൾ, കൈവശ കാർഷിക ഭൂമി, വിദ്യാഭ്യാസ യോഗ്യത, വാർഷിക വരുമാനം, സാമ്പത്തിക സഹായ ലഭ്യത എന്നിവയും എടുക്കും.
ഒരു വാർഡിൽ ആകെയുള്ള മൃഗങ്ങളുടെ ഇനം തിരിച്ചുള്ള എണ്ണം, മൃഗത്തിന്റെ പ്രായം, ഉപയോഗം എന്നിവയും ശേഖരിക്കും. ടാബ്‌ലറ്റുകൾ ഉപയോഗിച്ചാണ് ഇത്തവണ വിവരങ്ങളെടുക്കുന്നത്. ഇന്ത്യയിൽ കന്നുകാലി സെൻസസ് കഴിഞ്ഞ ഒക്‌ടോബറിൽ ആരംഭിച്ചിരുന്നെങ്കിലും പ്രളയത്തെ തുടർന്ന് കേരളത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.