മുളന്തുരുത്തി: സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ വനിതാ സഹകരണ സംഘം രൂപീകൃതമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ വനിതാ സഹകരണ സംഘം മുതൽക്കൂട്ടാകുമെന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ പറഞ്ഞു. സഹകരണ സംഘത്തിലെ ആദ്യ നിക്ഷേപം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.

എടക്കാട്ടുവയൽ പഞ്ചായത്തിലെ 14 വാർഡുകളും വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു. മാസ ചിട്ടികൾ, നിക്ഷേപം സ്വീകരിക്കൽ, ലോൺ, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയാണ് സംഘത്തിന്റെ ആദ്യഘട്ട പ്രവർത്തന മേഖലകൾ. പേപ്പതി കവലയിലാണ് സംഘത്തിന്റെ ആസ്ഥാനം.

ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സഹകരണ സംഘം പ്രസിഡന്റുമായ ജെസ്സി പീറ്റർ പഞ്ചായത്തിലെ വനിതകൾക്ക് പുതിയ ദിശാബോധം നൽകുവാൻ കഴിയുന്നതാണ് പുതിയ സഹകരണ സംഘമെന്ന് പറഞ്ഞു. സ്ത്രീജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന സംരംഭത്തിന് എല്ലാവരുടെയും പിന്തുണയും അവർ അഭ്യർത്ഥിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ. പി സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം രാജീവ് ശ്രീധരൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിൻ കെ. പുന്നൂസ്, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് എൻ. പി. പൗലോസ്, അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ബി. കെ മണി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എൻ വിജയകുമാർ, സഹകരണസംഘം ഇൻസ്പെക്ടർ പി. ജി രാജൻ, സി.ഡി. എസ് ചെയർപേഴ്സൺ ഓമന ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ബാലു സി.എ,  ഷീബ സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ക്യാപ്ഷൻ

എടക്കാട്ടുവയൽ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച വനിതാ സഹകരണ സംഘത്തിലെ ആദ്യ നിക്ഷേപം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ സ്വീകരിക്കുന്നു.