തന്റെ കഥകളിലെ സ്ത്രീകൾ പ്രശ്നങ്ങളിൽ തളർന്ന് ഒരു കോണിലിരുന്ന് കരയുന്നവരല്ലെന്നും പ്രതിസന്ധികൾക്കുമേൽ ചിരിക്കാൻ പഠിച്ചവരാണെന്നും പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്.
കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് (KLIBF) സംഘടിപ്പിച്ച സെഷനിൽ ‘ദ ഹാർട്ട് ലാംപ്: ബുക്കർ ആൻഡ് ബിയോണ്ട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പുരുഷകേന്ദ്രീകൃത സാഹിത്യം സ്ത്രീകളെ അസൂയയുടെയും ദുർഗുണങ്ങളുടെയും പ്രതീകങ്ങളായാണ് അടയാളപ്പെടുത്തിയത്. പുരുഷന്റെ അനീതികൾ സ്ത്രീകൾ സഹിക്കണമെന്നതാണ് പൊതുസമൂഹത്തിന്റെ നിലപാട്.
തന്റെ കഥാപാത്രങ്ങൾ ഇത്തരം ഏറ്റുമുട്ടലുകൾ ഒഴിവാക്കി ജയപരാജയങ്ങളില്ലാത്ത സമവായത്തിന് ശ്രമിക്കുന്നവരാണ്. സ്ത്രീ വീടുവിട്ടിറങ്ങിയതുകൊണ്ടു മാത്രം സമ്പൂർണ്ണ മോചനം സാധ്യമാകുന്നില്ല. കാരണം പുരുഷാധിപത്യം വീടിനുള്ളിൽ മാത്രമല്ല; പോലീസ് സ്റ്റേഷൻ, കോടതി, നിയമസഭ, ഭരണകൂടം, നയതന്ത്ര മേഖല തുടങ്ങി എല്ലാ തലങ്ങളിലും പടർന്നുപന്തലിച്ചു കിടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ദൈവം, മതം, ആചാരം, സംസ്കാരം എന്നിവയുടെ പേരിൽ സ്ത്രീകൾ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകളെ ചോദ്യം ചെയ്യാനാകാത്ത അനുസരണയിലേക്ക് തള്ളിവിടാൻ മതം ഒരു ഉപാധിയായി ഉപയോഗിക്കപ്പെടുകയാണ്.
പീഡനങ്ങളിൽ നിന്നും കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നുമാണ് തന്റെ കഥാപാത്രങ്ങൾ സാമൂഹ്യബോധം ആർജ്ജിക്കുന്നത്. അവർ വീടുവിട്ടു പോകാൻ ആഗ്രഹിക്കുന്നവരല്ല, മറിച്ച് കുടുംബത്തിനുള്ളിൽ തന്നെ ജീവിതം മെച്ചപ്പെടുത്താൻ പോരാടുന്നവരാണെന്നും ബാനു മുഷ്താഖ് പറഞ്ഞു.
കഥകളിലെ സ്ത്രീകൾക്കിടയിൽ ‘സഹോദരിത്വം’ വളർത്തുക എന്നതാണ് ഏക പോംവഴി. കന്നഡ സാഹിത്യത്തിലെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മഹിളാ സാഹിത്യത്തിലും മുസ്ലിം-ദളിത് സാഹിത്യ ശാഖകളിലും തന്റെ രചനകൾ അടയാളപ്പെടുത്തപ്പെടുന്നുണ്ടെന്ന് അവർ മറുപടി നൽകി. പ്രിയ കെ. നായരുമായായിരുന്നു സംവാദം.
