മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമറിന്റെയും, മോര്‍ച്ചറിയില്‍ സ്ഥാപിച്ച ഫ്രീസറിന്റെയും ഉദ്ഘാടനം ഈമാസം ഒമ്പതിന് നടക്കും. ശനിയാഴ്ച രാവിലെ 10ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്നിഘാടനം നിര്‍വ്വഹിക്കും. വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംമ്പന്ധിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ദിലീപ് സ്വാഗതവും, ആശുപത്രി സൂപ്രണ്ട് കെ.എന്‍.സതീശന്‍ നന്ദിയും പറയും. മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും, വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരം കാണുന്നതിനായി ആശുപത്രി കോമ്പൗണ്ടിലാണ് കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്. നഗരത്തില്‍ എവിടെയെങ്കിലും ചെറിയൊരു തകരാര്‍ സംഭവിച്ചാല്‍ പോലും ആശുപത്രിയില്‍ വൈദ്യുതി മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതിന് പുറമേ ആശുപത്രിയിലുണ്ടാകുന്ന വോള്‍ട്ടേജ് പ്രശ്നങ്ങളും പ്രവര്‍ത്തനങ്ങൾ അവതാളത്തിലാക്കാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ആശുപത്രിയിൽ പുതിയ ട്രാന്‍സ്‌ഫോര്‍ സ്ഥാപിച്ച് ഇതിലേക്ക് 11 കെ.വി.ലൈനും വലിച്ചിരിക്കുന്നതിനാല്‍ ഇനി ടൗണിലുണ്ടാകുന്ന വൈദ്യുതി മുടക്കം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ജില്ലയുടെ കിഴയ്ക്കന്‍ മേഖലയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടക്കുന്ന ഏക ആശുപത്രിയാണ് മുവാറ്റുപുഴ ജനറല്‍ ആശുപത്രി. കിഴയ്ക്കന്‍ മേഖലയില്‍ നിന്നുള്ള നിരവധി മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തുന്നത്. എന്നാല്‍ മതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് ഫ്രീസര്‍ സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി ഫ്രീസര്‍ സംവിധാനമൊരുങ്ങുന്നത്.

ഫോട്ടോ അടിക്കുറിപ്പ്- മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രീസര്‍