രാഷ്ട്രാന്തര വനിതാ ദിനത്തില്‍ വിക്‌ടോറിയ ആശുപത്രിക്ക് നേട്ടമായി 4ഡി ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ മുന്‍ രാജ്യസഭാ അംഗം കെ.എന്‍. ബാലഗോപാല്‍ സമര്‍പ്പിച്ചു. 2015-16 ലെ എം.പി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെ.എന്‍. ബാലഗോപാല്‍ അനുവദിച്ച 58 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കാനര്‍ സ്ഥാപിച്ചത്.
തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനം ഉള്ളത്.
ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമണം, ഹൃദയാവസ്ഥ, സൂക്ഷ്മ വൈകല്യങ്ങള്‍ എന്നിവ ചതുര്‍മാന ചിത്രങ്ങളിലൂടെ കൃത്യമായി നിര്‍ണയിക്കാനാകുമെന്ന പ്രതേ്യകത ഈ യന്ത്രത്തിനുണ്ട്.  എക്കോ-കാര്‍ഡിയോഗ്രാം, ഗൈഡഡ് ബയോപ്‌സി എന്നിവയും ഈ ഇറ്റാലിയന്‍ നിര്‍മിത ഉപകരണത്തില്‍ ചെയ്യാനാകും.
ജില്ലാ, വിക്‌ടോറിയ ആശുപത്രികളില്‍ മെഡിക്കല്‍ കോളേജിന്റെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ആധുനിക ചികിത്സാ സംവിധാനവും ഏര്‍പ്പെടുത്താനാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. എം.പി യായിരിക്കെ ഒരു കോടി രൂപ ജില്ലാ ആശുപത്രിക്കും 70 ലക്ഷം രൂപ വിക്‌ടോറിയ ആശുപത്രിക്കും അനുവദിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനും ഫണ്ട് ലഭ്യമാക്കാനായി.  സ്ഥല പരിമിതിയടക്കമുള്ള പ്രശ്‌നങ്ങളെ മറികടക്കുന്ന നിലയിലുള്ള മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകണമെന്നും ബാലഗോപാല്‍ പറഞ്ഞു.
വിക്‌ടോറിയ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍ വനിതാദിന സന്ദേശം നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ വേണുഗോപാല്‍ എക്കോ ഫ്രണ്ട്‌ലി ഇന്‍സിനറേറ്റര്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ വി. ജയപ്രകാശ്, ശിവശങ്കരപ്പിള്ള, അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ആര്‍.സി.എച്ച് ഓഫീസര്‍ കൃഷ്ണവേണി, ആര്‍.എം.ഒ ഡോ. അനു ജെ. പ്രകാശ്, എച്ച്.എം.സി അംഗങ്ങളായ നജുമുദ്ദീന്‍ അഹമ്മദ്, എസ്. നാസറുദ്ദീന്‍, എ. ഇക്ബാല്‍കുട്ടി, താമരക്കുളം സലിം, കുരീപ്പുഴ മോഹനന്‍, കുന്നേല്‍ ബദറുദ്ദീന്‍, എ. ബിജു, ആര്‍. രാമകൃഷ്ണന്‍, എല്‍. മോനച്ചന്‍, തടത്തിവിള രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.