ആലപ്പുഴ: ജില്ലയിലെ താപനില ക്രമാതീതമായി ഉയർന്നു നിൽക്കുന്നതിനാലും പല പ്രദേശങ്ങളിൽ നിന്നും സൂര്യാഘാതവുമായി ബന്ധപ്പെട്ട അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും ദുരന്തസാധ്യത ഒഴിവാക്കുന്നതിനുമായി ജില്ലയിലെ എല്ലാ അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് മാർച്ച് 29 മുതൽ ഏപ്രിൽ ആറ് വരെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. .ടി കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും നൽകി വരുന്ന പോഷകാഹാരം ടേക്ക് ഹോം റേഷൻ ആയി നൽകേണ്ടതും മറ്റ് ഫീഡിംഗുകൾക്ക് തടസ്സം ഉണ്ടാകാത്ത വിധത്തിൽ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ താപനില ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലൂകൾ സ്വീകരിക്കണം. നിർജലീകരണം തടയുവാൻ പരമാവധി ശുദ്ധജലം കുടിക്കുവാനും യാത്രകളിൽ ശുദ്ധജലം കരുതുവാനും സൂര്യഘാതമുണ്ടാവാതിരിക്കുവാനും പ്രത്യേകം ശ്രദ്ധ ചെലുത്തണം. വ്യാപര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും തണ്ണീർപന്തലുകൾ ഒരുക്കി ദാഹജലം ലഭ്യമാക്കാൻ സഹകരിക്കണം. കഴിവതും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുകയും ഇലക്ഷൻ /ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ജോലി സമയം ക്രമീകരിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ എടുക്കണം. വീടുകളിൽ പാത്രങ്ങളിൽ വെള്ളം ലഭ്യമാക്കി പക്ഷി മൃഗാദികളെ വേനലിൽ നിന്ന് സംരക്ഷിക്കേണ്ടതും കന്നുകാലികൾക്ക് സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണം. ജില്ലയിൽ സൂര്യതാപം, സൂരാഘാതം കുടിവെള്ളക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ടോൾ ഫ്രീ നമ്പർ 1077-ബി.എസ്.എൻ.എൽ, കൺട്രോൾ റൂം നമ്പർ- 0477- 2238630, 223683, ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ച് ദുരന്ത സാധ്യത പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.