ആലപ്പുഴ: വിവിധ സ്ഥലങ്ങളിൽ നിന്നും സൂര്യതാപവുമായി ബന്ധപ്പെട്ട വാർത്തകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ മൂന്നു വരെ പുറത്തിങ്ങുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മധ്യവേനൽ അവധി തുടങ്ങിയതിനാൽ കുട്ടികൾ വെയിലത്ത് കളിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് മൂന്നുവരെ പുറത്തിറങ്ങുന്നവർ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതിനായി കുട ഉപയോഗിക്കേണ്ടതും ധാരാളം വെളളം കുടിക്കേണ്ടതും അത്യാവശ്യമാണ്. യാത്രാസമയങ്ങളിൽ ധാരാളം ശുദ്ധജലം കുടിക്കണം. കാപ്പി, ചായ, കോള പോലെയുളള പാനീയങ്ങൾ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുളള പരുത്തിവസ്ത്രങ്ങൾ ധരിക്കണം.ഇരുചക്രവാഹന യാത്രക്കാർ യാത്രാസമയത്ത് ധാരാളം വെളളം കുടിക്കുകയും വെയിൽ ഏൽക്കാത്ത തരത്തിൽകൈഇറക്കമുളള ഇളം നിറത്തിലുളള അയഞ്ഞവസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. പക്ഷികൾക്ക് നൽകുന്നതിനായി വെളളം വച്ചിരിക്കുന്ന പാത്രങ്ങൾ എല്ലാ ഞായറാഴ്ചകളിലും ബാക്കി വന്ന വെള്ളം ഒഴിവാക്കി പാത്രങ്ങൾ വൃത്തിയാക്കി പുതിയ വെള്ളം നിറച്ചുവെക്കണം. അല്ലാത്തപക്ഷം കൊതുകുമുട്ടയിട്ട് ഡങ്കിപ്പനി വരാനുളള സാധ്യതയുണ്ട്. ജലക്ഷാമം ഉളളതിനാൽ ജലജന്യരോഗങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ കുടിക്കുന്നതിന് തിളപ്പിച്ചാറിയവെളളം മാത്രം ഉപയോഗിക്കുക.ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സോഡാ ഫാക്ടറികൾ, ശീതളപാനീയം വിൽക്കുന്നവർ എന്നിവർ ശുദ്ധജലം ഉപയോഗിക്കുന്നു എന്നും ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്നും ഉറപ്പാക്കേണ്ടതാണ്.

സൂര്യാഘാതത്തിന്റെ സംശയം തോന്നിയാൽ താഴെപ്പറയുന്ന കാര്യങ്ങൾചെയ്യണം

വെയിലുളള സ്ഥലത്തു നിന്ന് തണലിലേക്ക് മാറി വിശ്രമിക്കുക. തണുത്ത വെളളംകൊണ്ട് ശരീരം തുടയ്ക്കുക, ധാരാളം വെളളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക.എത്രയും പെട്ടെന്ന ്‌ഡോക്ടറുടെസേവനം തേടണം.