പൊതു തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ വയനാട് ലോകസഭ മണ്ഡലത്തിൽ പത്രികകൾ 23 ആയി. അവസാന ദിവസമായ ഇന്നലെ മാത്രം ലഭിച്ചത് ഒമ്പതു പത്രികകൾ. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയാണ് ആദ്യം പത്രിക നൽകിയത്. നേതാക്കളായ പ്രിയങ്ക ഗാന്ധി, വി.വി പ്രകാശ്, ഐ.സി ബാലകൃഷ്ണൻ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നു.
തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളായി സരിത എസ്. നായർ, കെ.എം ശിവപ്രസാദ് ഗാന്ധി, തൃശ്ശൂർ നസീർ, ഗോപിനാഥ് കെ.വി, സിബി, അഡ്വ. ശ്രീജിത്ത് പി.ആർ, രാഹുൽ ഗാന്ധി കെ.ഇ എന്നിവരും അഖില ഇന്ത്യ മക്കൾ കഴകം സ്ഥാനാർത്ഥിയായി രാഘുൽ ഗാന്ധി കെ.യും വരണാധികാരി കൂടിയായ കളക്ടർ എ.ആർ അജയകുമാറിന് നാമനിർദേശ പത്രിക സമർപ്പിച്ചു.
എൻ. മുജീബ് റഹ്മാൻ (സ്വതന്ത്രൻ), മണി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), സുനീർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), ഷിജോ എം. വർഗീസ് (സ്വത.), ഡോ. കെ. പദ്മരാജൻ (സ്വത.), അബ്ദുൾ ജലീൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ഉഷ കെ (സിപിഐ (എംഎൽ) റെഡ് സ്റ്റാർ), കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), തുഷാർ (ഭാരത് ധർമ്മ ജനസേന), സെബാസ്റ്റ്യൻ (സ്വത.), ബിജു കെ (സ്വത.), പ്രവീൺ കെ.പി (സ്വത.), മൊഹമ്മദ് (ബഹുജൻ സമാജ്‌വാദി പാർട്ടി), ജോൺ പി.പി (സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചിരുന്നു.
സൂക്ഷ്മ പരിശോധന ഏപ്രിൽ 5ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി ഏപ്രിൽ എട്ടാണ്.