കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പിന്‍റെ സന്ദേശവുമായി കോട്ടയം കളക്ട്രേറ്റ് വളപ്പില്‍  ഹരിത പോളിംഗ് ബൂത്ത് ഒരുങ്ങി. 
 
പ്രകൃതിയോട് ഇണങ്ങി          തിരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്ന ബോധവത്കരണം നടത്തുന്ന ശുചിത്വ മിഷനാണ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ നിര്‍ദേശപ്രകാരം  ബൂത്ത് ഒരുക്കിയിരിക്കുന്നത്. 
 
മുളയും  ചണച്ചാക്കും ഉപയോഗിച്ച് നിര്‍മിച്ച ബൂത്തിന്‍റെ മേല്‍ക്കൂരയില്‍ ഓല മേഞ്ഞിരിക്കുന്നു. ഉപയോഗം കഴിഞ്ഞ വോട്ടേഴ്സ് സ്ലിപ്പും മറ്റും നിക്ഷേപിക്കുന്നതിന് തെങ്ങോല മെടഞ്ഞുണ്ടാക്കിയ കുട്ടയും ബൂത്തിനു മുന്നിലുണ്ട്.   
 
വോട്ടര്‍മാര്‍ക്കുള്ള അറിയിപ്പുകള്‍ കടലാസിലും പാളയിലും മറ്റുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പോളിംഗ് ജീവനക്കാര്‍ക്കായി തടിയില്‍ തീര്‍ത്ത ബെഞ്ചും ഡെസ്കും സജ്ജീകരിച്ചിരിക്കുന്നു. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു ഹരിത പോളിംഗ് ബൂത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു