കാട്ടാന തകർത്ത ചെതലയം കുറിച്യാട് കോളനിയിലെ പോളിങ് സ്റ്റേഷൻ ജില്ലാ നിർമിതികേന്ദ്രം ഒരുദിനം കൊണ്ട് പുനർനിർമിച്ചു. തകർന്ന വാതിലുകളും ജനലുകളും മാറ്റി ഇരുമ്പ് കൊണ്ടുള്ളവ സ്ഥാപിച്ചു. ചുമരുകൾ തേച്ച് വൃത്തിയാക്കി സെപ്റ്റിക് ടാങ്കിന്റെയടക്കം അറ്റകുറ്റപ്പണി പൂർത്തിയാക്കി. കെട്ടിടത്തിന്റെ പെയിന്റിങ്, നെയിം ബോർഡ് സ്ഥാപിക്കൽ എന്നീ പ്രവൃത്തികളും നടത്തി. സുൽത്താൻ ബത്തേരി താലൂക്കിലെ ചെതലയത്ത് നിന്നു 10 കിലോമീറ്ററിലധികം കാനനപാതയിലൂടെ യാത്ര ചെയ്താലാണ് കുറിച്യാട് കോളനിയിലെത്തുക. 58 വോട്ടർമാരാണ് കോളനിയിലുള്ളത്.