ലോക്സഭാ തിരഞ്ഞെടുപ്പില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ഏപ്രില്‍ 13ന് വോട്ടത്തോണ്‍ നടക്കും. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അണിനിരക്കുന്ന പരിപാടി വൈകുന്നേരം നാലിന് കളക്ട്രേറ്റ് വളപ്പില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്യും.
 
സബ് കളക്ടര്‍ ഈഷ പ്രിയ, ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍, സ്വീപിന്‍റെ ജില്ലയിലെ ഗുഡ്വില്‍ അംബാസിഡറായ ചലച്ചിത്ര താരം മിയ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍, പ്രഫഷണല്‍ കൂട്ടായ്മ അംഗങ്ങള്‍, പൗരപ്രമുഖര്‍, മുതിര്‍ന്ന വോട്ടര്‍മാര്‍, സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്സ് ലൂക്ക് പറഞ്ഞു.
 
വോട്ടത്തോണ്‍ തിരുനക്കര മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് വോട്ടര്‍മാരുടെ പ്രതിജ്ഞ നടക്കും.   കാല്‍നടയായോ ഇരുചക്ര വാഹനത്തിലോ പൊതുജനങ്ങള്‍ക്ക് വോട്ടത്തോണില്‍ പങ്കുചേരാം. എല്ലാത്തരം ഇരുചക്ര വാഹനങ്ങളും അനുവദി ക്കുന്നതാണ്. 
 
പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടം പാലിക്കണം -തിരഞ്ഞെടുപ്പ് കമ്മീഷന്‍
 
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. സമൂഹത്തില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയോ നിലവിലുള്ള ഭിന്നതകള്‍ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.
 
മറ്റ് പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശനം ഉന്നയിക്കരുത്.  ജാതിയുടെയും സമുദായത്തിന്‍റെയും പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.
 
വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക തുടങ്ങി തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടിനുമുന്നില്‍ പ്രകടനം സംഘടിപ്പിക്കാനോ പിക്കറ്റിംഗ് നടത്താനോ      പാടില്ല.  
 
സ്വകാര്യ സ്ഥലം, കെട്ടിടം, മതില്‍ എന്നിവ ഉടമയുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കരുത്. 
 
മറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളും ജാഥകളും  അനുയായികള്‍ തടസ്സപ്പെടുത്തുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം.  ഒരു പാര്‍ട്ടിയുടെ യോഗം നടക്കുമ്പോള്‍ അതേ സ്ഥലത്ത് മറ്റൊരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.  
  
 
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
 
അനധികൃത ബോര്‍ഡ് നീക്കല്‍: പുരോഗതി
വിലയിരുത്താന്‍ നോഡല്‍ ഓഫീസറെ നിയമിച്ചു
 
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. 
 
നഗരകാര്യ വകുപ്പിലെ കൊല്ലം റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍ വി. ആര്‍. രാജുവിനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ഫോണ്‍: 0474 2748812, മൊബൈല്‍/വാട്ട്സ്ആപ്പ്: 9447413433, ഈ-മെയില്‍- duarklm@gmail.com.
 
കെ.സി. അശോക് കുമാര്‍ (സീനിയര്‍ സൂപ്രണ്ട് ഫോണ്‍- 8289892896), വി.ജി. അജയ് (ജൂനിയര്‍ സൂപ്രണ്ട് ഫോണ്‍- 9400516953) എന്നിവരാണ് അസിസ്റ്റന്‍റ് നോഡല്‍ ഓഫീസര്‍മാര്‍. പൊതുജനങ്ങള്‍ക്ക് പരാതികളും ആക്ഷേപങ്ങളും നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.