ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 11ന്‌ ആരംഭിക്കും. ഒന്‍പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 7476 പേരെയാണ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഏപ്രില്‍ 11, 12, 13, 16 തീയതികളില്‍ വിവിധ ബാച്ചുകളിലായാണ് പരിശീലനം.
 
പാലാ-840, കടുത്തുരുത്തി-856, വൈക്കം-760, ഏറ്റുമാനൂര്‍ -788, കോട്ടയം-816, പുതുപ്പള്ളി-872, ചങ്ങനാശേരി-824, കാഞ്ഞിരപ്പള്ളി-864, പൂഞ്ഞാര്‍ -856 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം.
 
പാലാ സെന്‍റ്തോമസ് കോളേജ്, പാലാ സെന്‍റ് തോമസ് ബി.എഡ് കോളേജ്, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാന്നാനം കെ. ഇ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചങ്ങനാശേരി എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍.