*കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്
* കളമശേരി 83ാം നമ്പർ ബൂത്തിൽ റീപോളിംഗ്
പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പോളിംഗ് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ മണ്ഡലത്തിലാണ് പോളിംഗ് കൂടുതൽ, 83.05 ശതമാനം. കുറവ് തിരുവനന്തപുരത്ത്, 73.45 ശതമാനം. എട്ടു മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം 80 ശതമാനത്തിനു മുകളിലെത്തി. 30 വർഷത്തിനിടയിലെ റെക്കോഡ് പോളിംഗാണിത്. ഇതിനു മുൻപ് 1989ലാണ് 79.3 ശതമാനം രേഖപ്പെടുത്തിയത്.
പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 8.35 ശതമാനം കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തി. വടകരയിലാണ് കൂടുതൽ സ്ത്രീ വോട്ടർമാർ എത്തിയത്, 85.9 ശതമാനം. 63 ട്രാൻസ്‌ജെൻഡർ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. പത്തനംതിട്ടയിലും മാവേലിക്കരയിലും എല്ലാ ട്രാൻസ്‌ജെൻഡർ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരത്ത് 15 പേർ വോട്ട് ചെയ്തു.
എറണാകുളം മണ്ഡലത്തിലെ കളമശേരി 83ാം നമ്പർ പോളിംഗ് ബൂത്തിൽ റീപോളിംഗ് നടത്തും. മോക്ക് പോൾ നടത്തിയ വോട്ടുകൾ നീക്കം ചെയ്യാതെ വോട്ടെടുപ്പ് നടത്തിയതിനാലാണിത്. 43 വോട്ടുകളുടെ വ്യത്യാസം രേഖപ്പെടുത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സംഭവം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും വീണ്ടും പോളിംഗ് നടത്താൻ അനുമതി ലഭിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തിയതി പിന്നീട് തീരുമാനിക്കും.
വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും സാങ്കേതിക തകരാർ നിരക്ക് കേരളത്തിൽ അഖിലേന്ത്യാ അടിസ്ഥാനത്തേക്കാൾ കുറവാണ്. 38,003 ബാലറ്റ് യൂണിറ്റുകളിൽ 397 ആണ് കേടായത്. 32,579 കൺട്രോൾ യൂണിറ്റുകളിൽ 338ഉം 35,665 വിവിപാറ്റുകളിൽ 840 തകരാറിലായി.
സമാധാനപൂർണവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താൻ സഹകരിച്ച തിരഞ്ഞെടുപ്പ് വിഭാഗത്തിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, പോലീസ് എന്നിവർക്കും സമ്മതിദായകർക്കും അദ്ദേഹം നന്ദി അറിയിച്ചു.