കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം (low pressure) രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി (depression) പരിണമിക്കാനുമുള്ള സാധ്യത  പ്രവചിച്ചിരിക്കുന്നു. ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്. ഏപ്രിൽ 30 നോട് കൂടി തമിഴ്നാട് തീരത്ത് പതിക്കാൻ സാധ്യതയുള്ള സിസ്റ്റം കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴ നൽകാനിടയുണ്ട്. ഏപ്രിൽ 30, മെയ് 1 തീയതികളിൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു എന്ന പശ്ചാത്തലത്തിൽ ഈ ന്യുനമര്ദത്തിന്റെ പ്രഭാവത്തില് 26-4-2019 മുതല് കേരളത്തില് ശക്തമായ് കാറ്റ് (മണിക്കൂറില് 30-40 കിമി മുതല് ചില സമയങ്ങളില് 50 കിമി വരെ വേഗത്തില്) വീശുവാന് സാധ്യത ഉണ്ട്.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവക്കു കാരണമാകാൻ  സാധ്യതയുള്ളതിനാൽ ജില്ല ഭരണകൂടം പൊതുജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കാതിരിക്കുക
ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കുക. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത്  കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാഹനങ്ങള് നിർത്തരുത്. മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി ദൃശ്യ ശ്രവ്യ മാധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകളോ ശ്രദ്ധിക്കുക.

ഇത് സബന്ധിച്ച് വിവരങ്ങൾ അറിയുവാനും അറിയിക്കാനും കളക്‌ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനും 0468 2222515/ 0468 2322515/ 807880891 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.