കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍, ഹരിത കേരളാ മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ ചേര്‍ന്ന്  പെന്‍സില്‍  എന്ന പേരില്‍ അവധിക്കാല പരിപാടി  സംഘടിപ്പിക്കുന്നു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത കേരളം എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 
 
രോഗാതുര പ്രദേശ പഠനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം, പാഴ് വസ്തുക്കളുടെ പുനരുപയോഗം  എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പരിപാടി  നടപ്പിലാക്കുന്ന കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു. ജില്ലാതലത്തില്‍ ഒരു പഞ്ചായത്തില്‍ നിന്ന്  രണ്ടും ബ്ലോക്കുതലത്തില്‍ ഒരു വാര്‍ഡില്‍ നിന്ന് രണ്ടുപേര്‍ക്കും വീതമാണ് പരിശീലനം നല്‍കുന്നത്. 
 
ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടത്തിയ  ആദ്യ ഘട്ട  പരിശീലന ക്യാമ്പിനെ തുടര്‍ന്ന്  ഏപ്രില്‍ 28, 29 തീയതികളില്‍  അടിച്ചിറയിലെ ആമോസ് സെന്ററില്‍ രണ്ടാം ഘട്ട പരിശീലനം നടക്കും. ബാലസഭ കുട്ടികളെ ഉള്‍പ്പെടുത്തിയുളള പെന്‍സില്‍ പരിപാടി മെയ് ആദ്യവാരത്തില്‍ ആരംഭിക്കും.