പുതിയ തലമുറയ്ക്ക് ചരിത്രത്തെ കുറിച്ച് അവബോധമുണ്ടാകണമെന്ന് പുരാരേഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  ചരിത്ര രേഖകള്‍ മനസിലാക്കുന്നതിനും ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതുതലമുറ താത്പര്യം കാണിക്കണം.  വിവരസാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ടെങ്കിലും ചരിത്ര രേഖകള്‍ നഷ്ടപ്പെട്ടാല്‍ ചരിത്രം തന്നെ നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകപ്പുകളിലെ ജീവനക്കാര്‍ക്കായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച റിക്കാര്‍ഡ് മാനേജ്‌മെന്റ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലായി പരിശീലന പരിപാടി സംഘടിപ്പിച്ചു.  ചരിത്ര രേഖകള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന ഊര്‍ജ്ജിത നടപടികളുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്.  ഡിസംബര്‍ 22 വരെയാണ് തിരുവനന്തപുരം മേഖലയിലുളളവര്‍ക്ക് പരിശീലനം.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍, സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.