ദുരന്തമുഖത്ത് കൈത്താങ്ങേകാന്‍ കെ എസ് ഇ ബി സംഘം പുറപ്പെട്ടു
 ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ വൈദ്യുതിവിതരണം പുനസ്ഥാപിക്കാന്‍ കൊല്ലത്തു നിന്നും കൊല്ലം ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ നിന്നുള്ള  കെ എസ് ഇ ബി സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും താല്പര്യമനുസരിച്ചാണ് 36  പേരടങ്ങുന്ന സംഘം യാത്രയായത്.  അഞ്ച് ഓവര്‍സിയര്‍മാര്‍, 23 ലൈന്‍മാന്‍മാര്‍, എട്ട് ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ എന്നിവര്‍  അടങ്ങുന്ന സംഘം പുലര്‍ച്ചെ 1.45 നുള്ള വിവേക് എക്‌സ്പ്രസ്സിലാണ് ഒഡിഷയിലേക്ക് തിരിച്ചത്.
 ഒഡിഷയിലെ ചുഴലികാറ്റിനെ തുടര്‍ന്ന് 12000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതില്‍  1150 കോടി രൂപയുടെയും നഷ്ടം വൈദ്യുത മേഖലയിലാണ്. കേരളത്തില്‍ നിന്നും വൈദ്യുതി ബോര്‍ഡിലെ  ആറാമത്തെ സംഘമാണ് ഇന്ന് പുറപ്പെടുന്നത്.  കേരളത്തില്‍ നിന്നുള്ള ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും  സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. വൈദ്യുത വിതരണ ശ്രിംഘല പുനഃസ്ഥാപിക്കുന്നതോടൊപ്പം ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട ലൈന്‍ ജോലികളുമാണ് പത്തു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടയില്‍ സംഘം പൂര്‍ത്തിയാക്കുന്നത്. നേരത്തെ തമിഴ്‌നാടിലുണ്ടായ ‘ഗജ’ ചുഴലികാറ്റിനെ തുടര്‍ന്നുണ്ടായ വൈദ്യുതി വിതരണ തകരാര്‍ പരിഹരിക്കുന്നത്തിനായി ജില്ലയില്‍ നിന്നുള്ള വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പ്രശംസനീയമായ സന്നദ്ധ സേവനം നടത്തിയിരുന്നു.
കൊല്ലം പവര്‍ ഹൌസ് കോംബൗണ്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി കെ മധു ഉദ്ഘാടനം ചെയ്തു. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ് പ്രസന്നകുമാരി, കൊട്ടാരക്കര ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ റ്റി എസ് സന്തോഷ് കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.