കാലടി: ടൗണിലെ ചന്തകളെല്ലാം ഒരിടത്തേക്ക് ഏകോപിപ്പിക്കുന്നു. പച്ചക്കറി-മാംസ – മത്സ്യ മാർക്കറ്റുകളാണ് ഒരു കുടകീഴിലേക്ക് മാറ്റി പൊതു മാർക്കറ്റിന് രൂപം നൽകുന്നത്. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള ആധുനിക മത്സ്യ മാർക്കറ്റിലാണ് പൊതുമാർക്കറ്റ് വരുന്നത്. ചന്തകളെല്ലാം മാറുന്നതോടെ ടൗണിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.

കാലടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പൊതുമാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നത്.. നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണം ഇവിടെ പൂർത്തിയായി കഴിഞ്ഞു. 2 കോടി 37 ലക്ഷം രൂപയാണ് ബോർഡ് ഇതിനായി ചെലവഴിച്ചത്. തറയിൽ കൂട്ടിയിട്ടു മീൻ വിൽക്കുന്ന രീതി മാറ്റി പകരം തട്ടുകളായാണ് കടകൾ നിർമ്മിച്ചിട്ടുള്ളത്. മാലിന്യം സംസ്കരിക്കാനും മലിനജലം ഒഴുക്കി കളയുന്നതിനുള്ള സംവിധാനങ്ങളും ശരിയായ രീതിയിൽ ഇവിടെയുണ്ട്. മോഡൽ ഹൈജീനിക്ക് മാർക്കറ്റ് എന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

തുടർന്ന് കാലടി പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും പൊതുമാർക്കറ്റിനായി ഇത് കൂടുതൽ വിപുലീകരിക്കുകയായിരുന്നു. മത്സ്യ മാർക്കറ്റിൽ കെട്ടിടത്തിനുള്ളിൽ ഓരോ കടകളായ് തിരിച്ച് വ്യാപാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കി. ഇറച്ചി വില്പന കേന്ദ്രത്തിനോട് ചേർന്ന് മാടുകളെ കശാപ്പു ചെയ്യുന്നതിനുള്ള മുറികളുടെ നിർമ്മാണവും പൂർത്തിയാക്കി കഴിഞ്ഞു. പച്ചക്കറി മാർക്കറ്റിനുള്ള സ്റ്റാളുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

2015ൽ നിർമ്മാണം പൂർത്തിയായ ഫിഷ് മാർക്കറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി രണ്ട് കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ഫിഷ് മാർക്കറ്റ് വ്യാപാരികൾക്കനുകൂലമായ മാറ്റങ്ങളാണ് വരുത്തിയത്.
പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായതായി കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി പറഞ്ഞു. നിലവിൽ ടൗണിലെ ചന്തയിൽ കട നടത്തുന്നവർക്ക് ഇളവുകൾ നൽകിയാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത്. നിർമ്മാണങ്ങളെല്ലാം തീർത്ത് രണ്ടു മാസത്തിനുള്ളിൽ പൊതുമാർക്കറ്റിന് പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ജനത്തിരക്കേറിയ കാലടി ടൗണിൽ ചന്തകളെല്ലാം ടൗണിൽ ആണെന്നത് ഗതാഗതകുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായിരുന്നു. ചന്തയിലേക്ക് സാധനങ്ങൾ വരുന്ന വാഹനങ്ങളും സന്ദർശകരുടെ വാഹനങ്ങളുമെല്ലാം ടൗണിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഇത് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു.