അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേത്വത്തില്‍ സുസ്ഥിര പ്ലാസ്റ്റിക്ക് കൈമാറല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വീടുകളില്‍ നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പളാസ്റ്റിക്കുകള്‍ ഷെഡ്രിംഗ് യുനിറ്റില്‍ പൊടിച്ച് ക്ലിന്‍ കേരള കമ്പനിക്ക് നല്‍ക്കുകയോ അല്ലെങ്കില്‍ പണം നല്‍കി വിവിധ ഏജന്‍സികള്‍ക്ക് നല്‍ക്കുകയോ ആണ് ചെയ്ത് വരുന്നത്. എന്നാല്‍ സുസ്ഥിരമായി പ്ലാസ്റ്റിക്കിന്റെ മൂല്യങ്ങള്‍ അനുസരിച്ച് വേര്‍തിരിച്ച് പ്രത്യേകം കെട്ടിവെച്ച്  കൈമാറി, പണം നേടുന്ന പുതിയ പദ്ധതി അഴിയൂരില്‍ ആരംഭിച്ചു. പുതുപ്പാടി കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ മൈ റിസോര്‍സ് മാനേജ്‌മെന്റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ രണ്ട്  ടണ്‍ പ്ലാസ്റ്റിക്കുകള്‍ മൂല്യത്തിന് അനുസരിച്ച് വേര്‍തിരിച്ചത് ഷ്രെഡിംഗ് യുനിറ്റില്‍ വെച്ച് കയറ്റി അയച്ചു. പ്ലാസ്റ്റിക്കിന്റെ വിവിധ വിഭാഗങ്ങളായ ,പി.പി.നാച്ചുറല്‍ ,സൂപ്പര്‍ എല്‍ .ഡി, കളര്‍ പി.പി, സി.എച്ച്.എം, എച്ച്.എം.എല്‍, എസ്.എല്‍.ഡി, എന്നിങ്ങനെ വേര്‍തിരിച്ച് ഓരോന്നിനും, പ്രേത്യേക വില നിശ്ചയിച്ചാണ് പ്‌ളാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് വരുമാനം നേടുന്ന പുതിയ പ്രവര്‍ത്തന രീതിയിലേക്ക് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ചുവട് മാറ്റം നടത്തിയത്.  ഒരു വര്‍ഷത്തേക്ക് പ്ലാസ്റ്റിക്ക് കൈയൊഴിയുന്നതിന് ഓരോ വിഭാഗത്തിനും വില നിശ്ചയിച്ച് പഞ്ചായത്ത് ഭരണസമിതി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ആദ്യ വണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ്, റീന രയരോത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, മെമ്പര്‍മാരായ സുകുമാരന്‍ കല്ലറോത്ത്, ശ്രീജേഷ് കുമാര്‍, വി.പി.ജയന്‍, പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, ക്ലീന്‍ കേരള കമ്പനി പ്രതിനിധി സുഭീഷ്, വി.ഇ.ഒ.സിദ്ധീഖ്, എം.ആര്‍.എം.കമ്പനി എം.ഡി.ഷാഹിദ് കുട്ടമ്പൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലന്‍ വയലേരി, ഹരിത കര്‍മ്മ സേന ലീഡര്‍ എ. ഷിനി, എന്നിവര്‍ സംസാരിച്ചു.