പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് നിയമസാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിയുടെ സുഗമമായ നടത്തിപ്പ് വിലിയിരുത്താന്‍ പാലക്കാട് മെഡിക്കല്‍ കോളെജില്‍ അവലോകന യോഗം ചേര്‍ന്നു. തസ്തിക നിര്‍ണയവും അതിനനുസൃത നിയമനവുമായി ബന്ധപ്പെട്ടുളള സാങ്കേതികവും നിയമപരവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് പാലക്കാട് മെഡിക്കല്‍ കോളെജ് തല്‍സ്ഥിതി കൈവരിച്ചതെന്ന് മന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിന് തടസ്സമായി ഉന്നയിച്ച പ്രശ്നങ്ങള്‍ എല്ലാം തന്നെ സമയോചിതമായി പരിഹരിച്ചതിന്റെ ഭാഗമായി കഴിഞ്ഞ മെയ് 31 ന് ഐ.എം.സി യുടെ അംഗീകാരവും മെഡിക്കല്‍ കോളെജിന് ലഭിച്ചു. 70 ശതമാനം സീറ്റ് പട്ടികജാതി വിഭാഗക്കാര്‍ക്കും രണ്ട് ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 28 ശതമാനം ജനറല്‍ വിഭാഗങ്ങള്‍ക്കുമായി മെഡിക്കല്‍ കോളെജിലെ മൊത്തം സീറ്റുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. യോഗത്തിനു ശേഷം മന്ത്രി എ.കെ ബാലന്‍ മെഡിക്കല്‍ കോളെജ് കെട്ടിട സമുച്ചയങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.. കെ ശാന്തകുമാരി, ഷാഫി പറമ്പില്‍ എം.എല്‍.എ, എ.ഡി.എം. എന്‍.എം. മെഹറലി തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടം

11353 ചതുരശ്ര അടിയില്‍ മെയിന്‍ ബ്ലോക്ക്

മെഡിക്കല്‍ കോളേജ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയ 44.20 കോടി രൂപയുടെ മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്ക് കെട്ടിടോദ്ഘാടനമാണ് ജൂണ്‍ 16ന് നടക്കുന്നത്. മെയിന്‍ ബ്ലോക്ക് കെട്ടിടത്തില്‍ ബെയ്‌സ്‌മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ലോര്‍, ഒന്നാം നില, രണ്ടാം നില ഉള്‍പ്പെടെ 11353 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ബേസ്‌മെന്റ് ഫ്‌ലോറില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യമാണുള്ളത് . അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, പരീക്ഷ ഹാള്‍, സെന്‍ട്രല്‍ റിസര്‍ച്ച് ലാബ്, ഗ്രൗണ്ട് ഫ്‌ലോറിലും ഫാര്‍മക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ഒന്നാം നിലയിലും മൈക്രോബയോളജി, പത്തോളജി, ഫോറന്‍സിക് മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ രണ്ടാം നിലയിലും ക്രമീകരിക്കുന്നുണ്ട്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടം മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിക്കുന്നു

ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി

പത്ത് നിലകള്‍ വീതമുള്ള ഗേള്‍സ് ഹോസ്റ്റല്‍, ബോയ്‌സ് ഹോസ്റ്റല്‍, 26 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് എന്നിവ പൂര്‍ത്തിയായിട്ടുണ്ട് .

നിര്‍മാണത്തിലിരിക്കുന്നവ

മൂന്നു ബ്ലോക്കുകളിലായി 9 നിലകളിലുള്ള ഹോസ്പിറ്റല്‍ സമുച്ചയത്തിന്റെയും നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഒ.ടി, ഒ.പി.ഡി, വാര്‍ഡ് ബ്ലോക്ക് എന്നിവയാണ് ഹോസ്പിറ്റല്‍ ബ്ലോക്കിലുള്ളത്. 2020 ഓഗസ്റ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. 340 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. 56 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
മൊത്തം 50.427 ഏക്കറില്‍ 559.68 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ പ്രോജക്ടാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനായി തയ്യാറാക്കിയിട്ടുള്ളത്.