ജില്ലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പഠനപിന്നാക്കാവസ്ഥ നേരിടുന്നതിന് വൈവിധ്യമാര്‍ന്ന കര്‍മപരിപാടികളുമായി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (ഡയറ്റ്). തിരുവല്ല ഡയറ്റ് ഹാളില്‍ നടന്ന ഡയറ്റിന്റെ കാരേ്യാപദേശക സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ജൈവവൈവിധ്യ ഉദ്യാനത്തെ പാഠഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പൂഞ്ചോല പദ്ധതി, അണ്‍ എക്കണോമിക്കായ എല്‍.പി വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന കൂട്ട് പ്രവര്‍ത്തനം, ഡയറ്റ് ഒരു റഫറന്‍സ് കേന്ദ്രം എന്ന നിലയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം, ഐ.സി.റ്റി എന്നീ ലാബുകളും ലൈബ്രറികളും ശക്തിപ്പെടുത്തുന്ന അനേ്വഷണം പദ്ധതി, ഗണിതാധ്യാപകരും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഗണിത ക്ലിനിക്ക് പദ്ധതി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വര്‍ക് ഷോപ്പുകള്‍, റേഡിയോ നാടകം, ഷോര്‍ട്ട് ഫിലിം നിര്‍മാണ ശില്പശാലകള്‍, പരീക്ഷണാധിഷ്ഠിത ശാസ്ത്ര പഠന ക്ലാസുകള്‍, എം-ഗുരു- ഇംഗ്ലീഷ് പരിശീലനം തുടങ്ങിയ പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ലാലിക്കുട്ടി, എസ്എസ്‌കെ പ്രോജക്ട്  ഓഫീസര്‍ ഡോ.ആര്‍.വിജയമോഹന്‍, ഡോ.ജേക്കബ്, രാജേഷ് വള്ളിക്കോട്, ഡോ.വി.വി.മാത്യു, എസ്.ജിതേഷ്, പി.ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.