മഴവെള്ള സംഭരണത്തിന് കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ 14 മഴവെള്ള സംഭരണി ഒരുങ്ങുന്നു. ഇതിനകം രണ്ടു മഴവെള്ള സംഭരണികളാണു പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവ ജൂലൈ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന ു ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
രണ്ടാം വാര്‍ഡായ മുണ്ടാര്‍, അഞ്ചാം വാര്‍ഡായ മുച്ചിലോട്ട്, ആറാം വാര്‍ഡായ മല്യാവര, എട്ടാം വാര്‍ഡായ കുണ്ടാര്‍, പതിമൂന്നാം വാര്‍ഡായ കൊട്ടംകുഴി, പതിനാലാം വാര്‍ഡായ കാറഡുക്ക എന്നീ സ്ഥലങ്ങളിലാണ് മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നത്. ചെറിയ സ്ഥലത്ത് കുളം കുഴിക്കുന്ന രീതിയിലാണ് മഴവെള്ള സംഭരണി നിര്‍മ്മിക്കുക. ചുരുങ്ങിയത് മൂന്ന് മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെയുള്ള മഴവെള്ള സംഭരണി നിര്‍മ്മിക്കാം.
മഴവെള്ള സംഭരണിയിലൂടെ ഒഴുകി പോകുന്ന ജലത്തെ തടഞ്ഞുനിര്‍ത്തി മണ്ണില്‍ ഇറക്കി വിടുകയാണു ചെയ്യുന്നത്. ഇതുമൂലം വെള്ളം ഒരു തുള്ളി പോലും പാഴാക്കാതെ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങും. ഇതു ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിക്കുന്നതിനു സഹായകമാകുന്നു. കൂടാതെ കിണറുകളിലും കുളങ്ങളിലും വേനല്‍ കാലത്ത് ജലനിരപ്പ് ഉയരുന്നതിനും വഴിയൊരുക്കും. വരള്‍ച്ചയില്‍ നിന്നു കരകയറാനും ജലദൗര്‍ലഭ്യത്തില്‍ നിന്നു മോചനം നേടാനും മഴവെള്ള സംഭരണി ഒരു പരിധി വരെ സഹായകരമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണു മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നത്
എല്ലാവര്‍ഷവും പഞ്ചായത്തില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കാറുണ്ട്. മഴക്കാലത്തിന് മുന്‍പ് മാര്‍ച്ച് അവസാനത്തോടെ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി, വിഇഒ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ ഇ, ഓവര്‍സിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും മഴവെള്ള സംഭരണിയുടെ ആവശകതയെ കുറിച്ച് ബോധവല്‍ക്കരിച്ചിരുന്നു. ചെറുതായി ചരിവുള്ള സ്ഥലത്ത് മാത്രമേ മഴവെള്ള സംഭരണി നിര്‍മ്മിക്കാറുള്ളൂ.കുത്തി ഒലിച്ച് പോകുന്ന ജലത്തിന്റെ വേഗത കുറച്ച് ഭൂമിയിലേക്ക് ഒഴുക്കിവിടാനാണ് ചെരിഞ്ഞ സ്ഥലത്ത് നിര്‍മ്മിക്കുന്നത്. മഴവെള്ള സംഭരണികളുമായി മഴയെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണു കാറഡുക്ക ഗ്രാമപഞ്ചായത്തുകാര്‍.