കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണെന്ന് സുരക്ഷ പദ്ധതി ശില്‍പ്പശാല വ്യക്തമാക്കി. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള വിശ്വാസ് സുരക്ഷ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായി നടന്ന പരിശീലന പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ശിവ വിക്രം അധ്യക്ഷനായി. അധ്യാപകര്‍ക്ക് കുട്ടികളുടെ സ്വഭാവ രൂപവത്ക്കരണത്തിലും സുരക്ഷിതത്വത്തിലും വലിയ സ്വാധീനം ചെലുത്താനാകുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിക്ടിംസ് ഇന്‍ഫര്‍മേഷന്‍, സെന്‍സിറ്റൈസേഷന്‍, വെല്‍ഫെയര്‍ ആന്‍ഡ് അസിസ്റ്റന്‍സ് സൊസൈറ്റി (വിശ്വാസ്) ആണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിലെ സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായി രണ്ടു വിഭാഗങ്ങളിലായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ലൈംഗിക ചൂഷണം, മനുഷ്യകടത്ത് എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിശ്വാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ശില്‍പശാലയ്ക്ക് മുന്നോടിയായി വിശ്വാസിന്റെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വീഡിയോ പ്രദര്‍ശനവും നടന്നു. ബാലവേല, കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ നിര്‍മാണം, ശാരീരിക -മാനസിക ഉപദ്രവം, ലൈംഗിക ചൂഷണം എന്നിവ തടയുന്നതിന് കുട്ടികളുമായി തുറന്ന ആശയ വിനിമയം സഹായകരമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ ഡി.ജി.പി.യും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് നോഡല്‍ ഓഫീസറുമായ ഡോ.പി.എം നായര്‍ പറഞ്ഞു.

കുട്ടികളെ ഉപയോഗിച്ച് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹം തയ്യാറാകണം. കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിക്കുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയില്ലെന്ന് ഓരോ വ്യക്തിയും തീരുമാനിച്ചാല്‍ ഇതിനു തടയിടാന്‍ കഴിയും. കുട്ടികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത മസാജിങ് പാര്‍ലറുകള്‍ അടക്കമുള്ള കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നത്. ഓരോരുത്തരും ദിനംപ്രതി ഇടപെടുന്ന മേഖലകള്‍ പ്രത്യേകിച്ച് ഹോട്ടലുകള്‍, നിര്‍മ്മാണ, വ്യവസായമേഖലകളില്‍ കുട്ടികളെ ജോലിക്ക് ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസില്‍ അറിയിക്കാനും വേണ്ട നിയമസഹായവും ബോധവത്കരണവും നല്‍കാനും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സമൂഹം തയ്യാറാവണമെന്നും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയേണ്ടത് ഭരണഘടനാപരവും മനുഷ്യത്വപരവുമായ ഉത്തരവാദിത്വമാണെന്നും പി. എം നായര്‍ പറഞ്ഞു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ വിശ്വാസ് സെക്രട്ടറി അഡ്വ.പി പ്രേംനാഥ്, ഭാരവാഹികളായ ബി. ജയരാജന്‍, അഡ്വ.ദേവി കൃപ, വി.പി കുര്യാക്കോസ്, ബോധിനി സംഘടനാ പ്രതിനിധി എന്നിവര്‍ സംസാരിച്ചു.