ഹയർ സെക്കൻഡറി പരീക്ഷയിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ എണ്ണം വർധിപ്പിച്ച് ഉത്തരവായി. പ്രത്യേക ചുമതലകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുള്ള അതത് സ്‌കൂളിൽ നിന്നുള്ള അഡീ. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ ഒഴിവാക്കും. പകരമായാണ് പരീക്ഷാ മാന്വൽപ്രകാരം വ്യക്തമായ ചുമതലകൾ നിർണയിച്ചിട്ടുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ എണ്ണം നിബന്ധനകൾക്ക് വിധേയമായി ഉയർത്തുന്നത്.
നിബന്ധനകൾ ചുവടെ പറയുന്നവയാണ്.

700 വിദ്യാർഥികൾ വരെ രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും അതിനുമുകളിൽ മൂന്നു ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും നിയമിക്കാം. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ മറ്റു സ്‌കൂളുകളിൽ നിന്നുള്ള മുതിർന്ന അധ്യാപകരായിരിക്കും.

ഒരു പൊതുപരീക്ഷയിൽ ഒരു സ്‌കൂളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കപ്പെട്ട അധ്യാപകനെ തുടർച്ചയായി ആ സ്‌കൂളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കരുത്.
ഒരു മാനേജ്‌മെൻറിന് കീഴിലുള്ള അധ്യാപകരെ അതേ മാനേജ്‌മെൻറിനു കീഴിലുള്ള മറ്റ് സ്‌കൂളുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കാൻ പാടില്ല.

എല്ലാ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർക്കും തുല്യ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ചുമതലകളുമായിരിക്കും. ഇവർ ചീഫ് സൂപ്രണ്ടുമായി ഒരുമിച്ച് സഹകരിച്ച് പ്രവർത്തിച്ച് പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തണം.
പൊതുപരീക്ഷകൾക്ക് ശേഷം ഓരോ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും പ്രത്യേകമായി പരീക്ഷാ നടത്തിപ്പ് സംബന്ധ റിപ്പോർട്ട് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയൻറ് ഡയറക്ടർക്ക് സമർപ്പിക്കണം.