* ഡിസംബറിനുള്ളിൽ 50,000 പട്ടയം വിതരണം ചെയ്യും

* പാട്ടകുടിശ്ശിക അടയ്ക്കാത്തവർക്കെതിരെ കർശന നടപടി

സംസ്ഥാനത്തെ പട്ടയവിതരണം  ഊർജിതമാക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. തിരുവന്തപുരത്ത് ഐ. എൽ. ഡി. എമ്മിൽ ജില്ലാകളക്ടർമാരുടേയും റവന്യു ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഡിസംബറിനുള്ളിൽ 50,000 പേർക്ക് പട്ടയം നൽകും. അടുത്ത മേയ് മാസത്തിനുള്ളിൽ ബാക്കിയുള്ളവ വിതരണം ചെയ്യും. സംയുക്ത പരിശോധന കഴിഞ്ഞ് അനുവദിച്ചു കിട്ടിയ  28588 ഹെക്ടറിൽ 17113 ഹെക്ടർ ഭൂമി വിതരണം ചെയ്തു.

11473 ഹെക്ടറിന്റെ പട്ടയമാണ് ഇനി വിതരണം ചെയ്യേണ്ടത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പട്ടയം വിതരണം ചെയ്യുന്നത്. ലാൻഡ് ട്രൈബ്യൂണലുകളിൽ നിലവിലുള്ള കേസുകളിൽ ഉടൻ പരിഹാരം കാണും. കേസുകൾ തീർപ്പാക്കുന്നതിന് വടക്കൻ ജില്ലകളിൽ ആറ് സ്‌പെഷ്യൽ ട്രൈബ്യൂണലുകൾ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുപ്പതിനായിരത്തിൽപരം ഹെക്ടർ ഭൂമി വിവിധ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾക്കും പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുണ്ട്. ഇതിൽ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവരിൽ നിന്നും കുടിശ്ശിക അടയ്ക്കാത്തവരിൽ നിന്നും ഭൂമി തിരിച്ചു പിടിക്കും. 1155 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്.

697 പേരാണ് പാട്ടക്കുടിശ്ശിക വരുത്തിയിട്ടുള്ളത്. പുതുക്കാൻ താല്പര്യമുള്ളവർക്ക് അതിനവസരം നൽകും. പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകും. ഡിജിറ്റലൈസേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. റവന്യൂ വിജിലൻസിന്റേയും ഇന്റേണൽ ഇൻസ്പെക്ഷൻ വിങ്ങിന്റേയും പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

റവന്യുവകുപ്പിൽ അടുത്ത ഒരു വർഷം മുൻഗണന നൽകി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ കളക്ടർമാരുമായി മന്ത്രി ചർച്ച ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ലാൻഡ് റവന്യൂ കമ്മീഷണർ സി. എ. ലത, ഐ. എൽ. ഡി. എം. ഡയറക്ടർ പി. ജി. തോമസ്, കളക്ടർമാർ, സബ്കളക്ടർമാർ, ആർ. ഡി. ഒമാർ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.