നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സാന്ത്വന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റു സ്ഥാപനങ്ങളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സേവനങ്ങൾ സൗജന്യമാണെന്നും ഇടനിലക്കാരാൽ വഞ്ചിതരാകരുതെന്നും നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു.

തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് നൽകുന്നത്. മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് പരമാവധി ഒരു ലക്ഷം രൂപയും പ്രവാസിയുടെ അല്ലെങ്കിൽ ആശ്രിതരുടെ ചികിത്സയ്ക്ക് പരമാവധി 50000 രൂപയും (ഗുരുതര രോഗം), മറ്റു രോഗങ്ങൾക്ക് 20,000 രൂപയും ധനസഹായം ലഭിക്കും. പെൺമക്കളുടെ വിവാഹത്തിന്  പരമാവധി 15,000 രൂപയും അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിന് 10,000 രൂപ വരെയും ധനസഹായം ലഭിക്കും.

നോർക്ക റൂട്ട്സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖേനയാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കുന്നത്. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും ഓഫീസുകളിലും അപേക്ഷഫോറം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ;  1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്ത് നിന്നും).

നോർക്ക റൂട്ട്‌സ് കൊല്ലം ജില്ല സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27ന് 

കേരളത്തിൽ നിന്നും വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കായുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ സേവനം കൊല്ലം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജുലൈ 27 ന് ലഭ്യമാകും.

ഇതിന് പുറമെ എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തർ എംബസ്സി, ബഹറൈൻ എംബസ്സി എന്നീ അറ്റസ്റ്റേഷനുകൾക്കായി അന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.

കുവൈറ്റ് വിസാസ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റുസേവനങ്ങൾക്കുമായി മുൻകൂർ  www.norkaroots.org എന്ന വെബ്‌സൈറ്റിൽരജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2770557.