ഇടുക്കി: ഭവന വായ്പകള്‍ തീര്‍പ്പാക്കാന്‍ പ്രയാസമനുഭവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയെന്ന നിലയിലാണ്  സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആദ്യമായി വായ്പാ കുടിശ്ശിക നിവാരണ അദാലത്തുകള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ളത്. 12-ാമത് അദാലത്താണ് ഇടുക്കി ജില്ലയിലേത്.

ജില്ലയില്‍ 145 പേരിലായി 14.95 കോടി രൂപയാണ് കുടിശ്ശികയുള്ളത്. ഗുണഭോക്താക്കളുടെ നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ പരിശോധിച്ച്  വരുമാനം, തിരിച്ചടവുശേഷി, പ്രകൃതിക്ഷോഭം, രോഗാവസ്ഥ, പ്രായാധിക്യം, മരണം തുടങ്ങി വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി എട്ട് വിഭാഗങ്ങളായി തിരിച്ചാണ് ഇവരെ അദാലത്തിന് വിളിച്ച് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള  ഇളവുകള്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ അദാലത്തില്‍ വിളിച്ച 99 വായ്പാ ഫയലുകളില്‍ നിന്നായി 10.45 കോടി രൂപയാണ് ബോര്‍ഡിന് ലഭിക്കാനുള്ളത്.  95 പേര്‍ അദാലത്തിനെത്തിയിരുന്നു. ഇതില്‍ 75 എണ്ണവും അദാലത്തിലൂടെ തീര്‍പ്പാക്കി.