അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

കേരള കർഷകക്ഷേമനിധി പദ്ധതി രാജ്യത്തിന് മാതൃകയാകുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. കേരള കർഷക ക്ഷേമനിധി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭാ സെലക്ട് കമ്മിറ്റി വയനാട് കളക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

ബില്ല് നിയമമാകുന്നതോടെ കർഷകരുടെ സുരക്ഷയും ആനുകൂല്യങ്ങളും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെലക്ട് കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ കർഷകരുടെ അഭിപ്രായം കൂടി പരിഗണിക്കും. രാജ്യത്ത് തന്നെ കർഷക ക്ഷേമത്തിനായുള്ള ഏറ്റവും വലിയ പദ്ധതിയായി കേരള കർഷക ക്ഷേമനിധി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കർഷക ക്ഷേമനിധിയിലൂടെ പെൻഷൻ, ഇൻഷൂറൻസ്, മക്കളുടെ വിദ്യാഭ്യാസ, വിവാഹ ധനസഹായം എന്നിവയെല്ലാം കർഷകർക്ക് ലഭിക്കും.

ചെറുപ്പക്കാരെയടക്കം കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്ന തരത്തിലുളള ആനുകൂല്യങ്ങൾ നൽകുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാൽ മറ്റു ക്ഷേമ പദ്ധതികളിൽ നിന്നും വിഭിന്നമായി കൂടുതൽ കർഷക സൗഹൃദമായിരിക്കും ബില്ലിലെ വ്യവസ്ഥകൾ. നിലവിലുളള നിയമങ്ങളുടെ പരിധിക്കുളളിൽ നിന്നുകൊണ്ട് കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങളും തേടും.

കർഷകർക്ക് ഏർപ്പെടുത്തിയ വരുമാന പരിധി, സ്ഥലപരിധി എന്നിവ സംബന്ധിച്ച ബില്ലിലെ നിർദ്ദേശങ്ങൾ ഒഴിവാക്കണമെന്ന് കർഷക പ്രതിനിധികൾ തെളിവെടുപ്പിൽ ആവശ്യപ്പെട്ടു. വാർഷിക വരുമാന പരിധി ഒന്നര ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കി ഉയർത്തണം.

പതിനഞ്ച് ഏക്കറിൽ താഴെ ഭൂമി കൈവശം വയ്ക്കുന്ന മുഴുവൻ കർഷകർക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നും പ്രതിനിധികൾ നിർദ്ദേശിച്ചു. ഒരോ കർഷകനും ക്ഷേമനിധിയിലേക്ക് അടക്കേണ്ട അംശാദായ തുക അവരുടെ സാമ്പത്തികക്ഷമതക്കനുസരിച്ച് ഒടുക്കാൻ വ്യവസ്ഥ ചെയ്യണം. ക്ഷേമനിധി ശക്തിപ്പെടുന്നതിന് ചില മേഖലകളിൽ സെസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം നൽകാനുളള സംവിധാനവും ക്ഷേമനിധിയുടെ ഭാഗമായി ഏർപ്പെടുത്തണം, കേരള കർഷകക്ഷേമനിധി ബോർഡിൽ യുവാക്കൾ, വനിതകൾ, ജൈവർഷകർ എന്നിവരുടെ പ്രതിനിധികൾ ഉണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും തെളിവെടുപ്പിലുയർന്നു. ബിൽ വിശദമായി പഠിച്ച് അഭിപ്രായമറിയിക്കാൻ ആർക്കും അവകാശമുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു.

തെളിവെടുപ്പിൽ കമ്മിറ്റി അംഗങ്ങളും എംഎൽഎമാരുമായ മാത്യൂ.ടി. തോമസ്, ഡോ.എൻ. ജയരാജ്, മുരളി പെരുനെല്ലി, അഡ്വ. കെ രാജൻ, സി.കെ ശശീന്ദ്രൻ, ഡി.കെ മുരളി, സണ്ണി ജോസഫ്, പി. ഉബൈദുളള, കെ.വി വിജയദാസ് എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ അജീഷ്, നിയമസഭ ഉദ്യോഗസ്ഥർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ തെളിവെടുപ്പിനെത്തി.