കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി വിവിധ കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ചര്‍ച്ച നടത്തി.  പോലീസ് ആധുനികവത്ക്കരണത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കുന്നതാണ്.  മാവോയിസ്റ്റ് ഭീഷണി നേരിടുന്നത് സംബന്ധിച്ച പ്രത്യേക പോലീസ് സംവിധാനം പാലക്കാട്, മലപ്പുറം, വയനാട് എന്നീ മൂന്നു ജില്ലകളിലാണുള്ളത്.  കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ജില്ലകളിലേക്ക് വ്യാപിപ്പിക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്രം പരിഗണിക്കുന്നതാണ്.

ദേശീയ ദുരന്തനിവാരണ ഫണ്ട് വിനിയോഗ കാര്യത്തില്‍ ഗ്രാമീണ റോഡ് പുനര്‍നിര്‍മ്മാണത്തിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളത്തിന് വിഘാതമാണ്.  കിലോമീറ്ററിന് 60000 രൂപ എന്നതാണ് കേന്ദ്ര കണക്ക് ഇതു സംസ്ഥാനത്ത് പ്രായോഗികമല്ല.  ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിക്കും.  കിലോമീറ്ററിന് 10 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നതാണ് നമ്മുടെ ആവശ്യം.  തീരദേശ പോലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ബോട്ടുകളും മറ്റും ആവശ്യമാണ്.  ഇതിന് പ്രത്യേക സഹായം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി.  ഓഗസ്റ്റ് 26 ന് സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും പോലീസ് ആധുനിക വത്ക്കരണം സംബന്ധിച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ പരിഗണിക്കാമെന്നും അമിത്ഷാ പറഞ്ഞു.