കാർഷിക-കാർഷികേതര വായ്പകളുടെ മൊറട്ടോറിയം – മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കാർഷിക-കാർഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കർഷകർ വിലത്തകർച്ചയെ തുടർന്ന് കൃഷി പുനരാരംഭിക്കാൻ കഴിയാതെയും എടുത്ത കാർഷിക-കാർഷികേതര വായ്പകൾ തിരിച്ചടക്കാനാവാതെയും കടുത്ത ബുദ്ധിമുട്ടിലാണ്. ഇടുക്കി വയനാട് ജില്ലകളിലാണ് രൂക്ഷമായ പ്രശ്‌നം നിലനിൽക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകൾ കർഷകർക്ക് ജപ്തി നോട്ടീസുകൾ നൽകുന്ന സാഹചര്യം കൂടി വരികയാണ്. നിരവധി തവണ മൊറട്ടോറിയം സംബന്ധിച്ചും സർഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടികൾ ഒഴിവാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ എസ്.എൽ.ബി.സി യോഗങ്ങൾ വിളിച്ചുചേർത്ത് അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഷകർ എടുത്തിട്ടുള്ള കാർഷിക-കാർഷികേതര വായ്പകൾക്കും വിദ്യാഭ്യാസ വായ്പകൾക്കും 2019 ജൂലൈ 31 വരെ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബർ 31 വരെ ദീർഘിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യം എസ്.എൽ.ബി.സി തത്വത്തിൽ അംഗീകരിച്ചെങ്കിലും റിസർവ് ബാങ്കിന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ പ്രായോഗികതലത്തിൽ നടപ്പായില്ല. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എൽ.ബി.സി റിസർവ് ബാങ്കിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ട് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവർണർ നരേന്ദ്ര ജെയ്‌നും നൽകിയിരുന്നുവെങ്കിലും ഈ കത്തിനും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്.

ഓഖി – മത്സ്യബന്ധനോപാധികൾക്ക് നാശനഷ്ടം സംഭവിച്ചർക്ക് നഷ്ടപരിഹാരം

ഓഖിയിൽ മത്സ്യബന്ധനോപാധികൾക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലെ 112 പേർക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. രജിസ്‌ട്രേഷനുള്ളതും മത്സ്യബന്ധനോപാധികൾ പൂർണമായും നഷ്ടപ്പെട്ട 6 പേർക്ക് 17,11,306 രൂപയും രജിസ്‌ട്രേഷനുള്ളതും മത്സ്യബന്ധനോപാധികൾ ഭാഗികമായും നഷ്ടപ്പെട്ട 20 പേർക്ക് 16,22,120 രൂപയും രജിസ്‌ട്രേഷനില്ലാത്ത മത്സ്യബന്ധ യൂണിറ്റുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ട 86 പേർക്ക് 25,48,700 രൂപയും അനുവദിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഓഖി ഫണ്ടിൽ പ്രതീക്ഷിത നീക്കിയിരിപ്പിൽ നിന്നും അനുവദിക്കും.

നിയമനം

കേരള സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻ പാർലമെന്റംഗമായ ഡോ. എ സമ്പത്തിനെ നിയമിക്കാൻ തീരുമാനിച്ചു. സംസ്ഥാന മന്ത്രിക്ക് അർഹമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടി ഈ മന്ത്രിസഭയുടെ കാലാവധിയിലേക്കു മാത്രമായിരിക്കും നിയമനം. ഇദ്ദേഹത്തിന്റെ ഓഫീസ് നിർവഹണത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നീ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാർ സിംഗിനെ വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി-മൃഗസംരക്ഷണം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.

പഠനാവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവെ ആന്റ് ലാൻഡ് റിക്കോർഡ്‌സ് ഡയറക്ടറായി നിയമിക്കും. പ്രൊജക്ട് ഡയറക്ടർ-കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിംഗ് കമ്മീഷണർ, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും.

തലസ്ഥാന നഗര വികസന പദ്ധതി-2ൽ ഒരു സ്‌പെഷ്യൽ ഓഫീസർ തസ്തിക സൃഷ്ടിച്ച് എംപവേർഡ് കമ്മിറ്റി കൺവീനറായ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ റ്റി. ബാലകൃഷ്ണനെ നിയമിക്കാൻ തീരുമാനിച്ചു.

2019-ലെ കേരള ആഭരണ തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴിൽ രണ്ടു ഡെന്റൽ എക്യുപ്‌മെന്റ് മെയിന്റനൻസ് ടെക്‌നീഷ്യർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസ് വകുപ്പിൽ 20 അസിസ്റ്റന്റ് പിസൺ ഓഫീസർ-കം-ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 8 തസ്തികകൾ മധ്യമേഖലയിലും 12 തസ്തികകൾ ദക്ഷിണ മേഖലയിലുമായിരിക്കും.

വനിത ശിശു വികസന വകുപ്പിൽ നിർഭയ സെല്ലിൽ ഒരു ക്ലാർക്ക് തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.