എറണാകുളം: കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് ഐസിയു സൗകര്യത്തോടു കൂടിയ ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ് സ്വന്തമാകുന്നു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40.31 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിനായി വാങ്ങുന്നത്.
ആംബുലന്‍സ് വാങ്ങുന്നതിനുള്ള എം.എല്‍.എയുടെ നിര്‍ദേശത്തിന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കി.
പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍, ഓട്ടോമേറ്റഡ് സിപിആര്‍ മെഷീന്‍, ഡിഫൈബ്രിലേറ്റര്‍, ലാറിംഗോസ്കോപ്പ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, സിറിഞ്ച് പമ്പ്, പോര്‍ട്ടബിള്‍ സക്ഷന്‍, ഫ്രീസര്‍ തുടങ്ങി 21 ഉപകരണങ്ങളാണ് ആംബുലന്‍സിലുണ്ടാകുക.
രാസാപകടങ്ങളുണ്ടാകുന്ന ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നതിനുള്ള സുരക്ഷാവസ്ത്രങ്ങളും മുഖാവരണവും ഉപകരണങ്ങളുടെ ഭാഗമാണ്.
മെഡിക്കല്‍ കോളേജില്‍ എം.ആര്‍.ഐ സ്കാനിങ് സെന്‍റര്‍, വിപുലീകരിച്ച ഡയാലിസിസ് കേന്ദ്രം എന്നിവ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
സി.ടി സ്കാന്‍, കാത്ത് ലാബ്, 30 വെന്‍റിലേറ്ററുകളോടു കൂടിയ ഐ.സി.യു, ഡിജിറ്റല്‍ എക്സ് റേ മെഷീനുകള്‍, ഹൈ എന്‍ഡ് എക്കോ കാര്‍ഡിയോഗ്രാം മെഷീന്‍, നവജാത ശിശുക്കള്‍ക്കായി പ്രത്യേക ഐ.സി.യു തുടങ്ങിയവയും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍ സജ്ജമായി. ദിനംപ്രതി 2500ലേറെ രോഗികളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്നത്.