സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു അംഗീകാരം

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു വേണ്ടിയുള്ള നിർദ്ദിഷ്ട മൂന്നും നാലും റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. 530 കി.മീ ദൂരത്തിൽ സെമീ ഹൈസ്പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്റെ മുൻഗണനാ പട്ടികയിലുള്ള പദ്ധതിയാണ്.

മണിക്കൂറിൽ ശരാശി 180 മുതൽ 200 കി.മീ വരെ വേഗത്തിൽ ട്രെയിനുകൾ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും, നാലുമണിക്കൂറിനുള്ളിൽ കാസർഗോഡും എത്താൻ കഴിയും. പദ്ധതിക്ക് റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 5 വർഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കാസർഗോഡിനും തിരൂരിനുമിടയിൽ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകൾ നിർമിക്കുക. തിരൂർ മുതൽ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയിൽ നിന്ന് മാറിയാണ് പുതിയ പാതകൾ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളിൽ കൂടിയാണ് ഈ ഭാഗത്ത് പാതകൾ നിർമിക്കുക.

കേരള പുനർനിർമാണം: വിവിധ പദ്ധതികൾക്ക് അംഗീകാരം

കേരള പുനർനിർമാണ വികസന പരിപാടിയുമായി ബന്ധപ്പെട്ട പദ്ധതി നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.

പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനർനിർമാണത്തിന് നടപ്പു സാമ്പത്തിക വർഷം 300 കോടി രൂപ വികസനനയ വായ്പയിൽ നിന്നും അനുവദിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പുനർനിർമാണത്തിന് 488 കോടി രൂപ 2019-20 വർഷം അനുവദിക്കും.

കുടുംബശ്രീ വഴിയുള്ള ജീവനോപാധികൾ, ജലവിതരണം ഉൾപ്പെടെയുള്ള ജലവിഭവം, ജൈവവൈവിധ്യം, ഖര-ദ്രവ മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് ഉന്നതാധികാര സമിതി മുമ്പാകെ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ പരിഗണിച്ച് ആവശ്യമായ തുക വികസനനയ വായ്പയിൽ നിന്നും അനുവദിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതാധികാര സമിതിക്ക് നിർദേശം നൽകാനും തീരുമാനിച്ചു.

കാസർഗോഡ് മുതൽ തിരവനന്തപുരം വരെ ദേശീയ പാത 45 മീറ്ററിൽ വികസിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു.

നിയമനങ്ങൾ, മാറ്റങ്ങൾ

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിച്ച രാജേഷ് കുമാർ സിംഗിനെ നികുതി (എക്‌സൈസ് ഒഴികെ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്റെ അധിക ചുമതല വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറൽ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെയും അധിക ചുമതലകൾ കൂടി ഇവർക്കുണ്ടാകും.

ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകിനെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും.

പരിശീലനത്തിന് ശേഷം തിരികെ പ്രവേശിച്ച ടി.വി. അനുപമയെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും. സി.പി.എം.യു. ഡയറക്ടറുടെ അധിക ചുമതല കൂടി ഇവർ വഹിക്കും.

ഇന്റർ കേഡർ ഡെപ്യൂട്ടേഷൻ ലഭിച്ച പി.ഐ. ശ്രീവിദ്യയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ സർവെ ആന്റ് ലാന്റ് റിക്കോർഡ്‌സ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്രൊജക്ട് ഡയറക്ടർ കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിംഗ് കമ്മീഷണർ, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എന്നീ ചുമതലകൾ കൂടി ഇദ്ദേഹം വഹിക്കും.

2010-ലെ മൂന്നാർ പ്രത്യേക ട്രിബ്യൂണൽ ആക്ട് റദ്ദാക്കുന്നതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

ബീറ്റാ-തലാസീമിയ രോഗം ബാധിച്ച് മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ കാസർഗോഡ് ആനിക്കാടി ചക്ലിയ കോളനിയിലെ സ്വരാഗിന്റെ (പി.എൻ. സാവിത്രിയുടെ മകൻ) തുടർ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.

പാങ്ങപ്പാറയിലെ മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റിൽ ഇൻ പേഷ്യന്റ് കെയർ പ്രവർത്തനസജ്ജമാക്കുന്നതിന് 10 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

സ്ഥലപരിമിതിയുള്ളതും അടിസ്ഥാന സൗകര്യവികസനം ആവശ്യമായതുമായ സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയോ മറ്റ് ഏജൻസികൾ മുഖേനയോ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ കെട്ടിടം നിർമ്മിക്കേണ്ടി വരുമ്പോൾ കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഗണിക്കാതെ കെട്ടിടങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി പൊളിച്ച് മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

വനത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നതും വെള്ളം മലിനമാക്കുന്നതും വന്യജീവികളെ പീഡിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതിന് കേരള ഫോറസ്റ്റ് ആക്ടിലെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.