പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടു കോടി അനുവദിച്ചതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന  അടിയന്തര യോഗത്തില്‍ പട്ടികജാതി-വര്‍ഗ്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ  വകുപ്പ് മന്ത്രി  എ.കെ ബാലന്‍ അറിയിച്ചു.

പാലക്കാട് താലൂക്കിന് 50 ലക്ഷം രൂപയും മറ്റ് താലൂക്കുകള്‍ക്ക് 20 ലക്ഷം വീതവുമാണ് അനുവദിച്ചത്. ജില്ലയില്‍ നിലവില്‍ 81 ദുരി താശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2336 കുടുംബങ്ങളിലെ 8272 ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്. അട്ടപ്പാടിയില്‍ സംഭവിച്ച ഒരു മരണമാണ് ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ ആറ് വില്ലേജുകളിലായി 19 ഇടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിന്‍ നേരത്തെ തന്നെ മാറ്റി താമസിപ്പിച്ചിരുന്നതായും യോഗത്തില്‍ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.  അടിയന്തരമായി വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിച്ച് നിലനിര്‍ത്താന്‍ സമാന്തര സംവിധാനം ഒരുക്കാനും എച്ച്.ടി, എല്‍.ടി ലൈനുകള്‍ പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദ്ദേശിച്ചതായി മന്ത്രി അറിയിച്ചു.  ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക്  താലൂക്ക് – ജില്ലാ ആശുപത്രികളില്‍ പ്രത്യേക സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

ഭാരതപ്പുഴ സ്രോത്രസ്സാക്കിയ ജില്ലയിലെ 15 ഓളം കുടിവെള്ള പദ്ധതികളിലെ പമ്പ് സെറ്റുകളില്‍ വെള്ളം കയറിയതിനാല്‍ കുടിവെള്ള വിതരണം നിര്‍ത്തിവച്ച സാഹചര്യത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി പൂര്‍വ്വസ്ഥിതിയിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ സന്നദ്ധ – സാമൂഹിക -രാഷ്ട്രീയ സംഘടനകളില്‍ നിന്നുളള ഭക്ഷണം ജില്ലാ ഭരണകൂടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പുകളില്‍ വിതരണം  ചെയ്യും.

വൈദ്യുതി, ഗതാഗത തടസമുണ്ടാക്കും വിധം അപകരമായ നിലയിലുളള മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആര്‍.ഡി.ഒ അല്ലെങ്കില്‍ എ.ഡി.എം. നെ അറിയിച്ച് ഉത്തരവ് കിട്ടിയ ശേഷം മുറിച്ച് മാറ്റി ലേലം ചെയ്യാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ എം.പിമാരായ രമ്യ ഹരിദാസ്, വി.കെ ശ്രീകണഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, എം.എല്‍.എ ന്മാരായ പി.ഉണ്ണി, എന്‍. ഷംസുദ്ദീന്‍, കെ.വി വിജയദാസ് , കെ.ബാബു, കെ. ഡി. പ്രസേന്നന്‍, ഷാഫി പറമ്പില്‍, പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, പോലീസ് മേധാവി ശിവവിക്രം, എ.ഡി.എം. ടി.വിജയന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.