സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറിയ ആയിരങ്ങളെ സഹായിക്കുന്നതിന് കൊല്ലത്ത് ദുരിതാശ്വാസ വസ്തുക്കള്‍ക്കായി ശേഖരണ കേന്ദ്രങ്ങള്‍ തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് സമീപമുള്ള  ടി എം വര്‍ഗീസ് ഹാളിലും താലൂക്ക് ഓഫീസുകളിലുമാണ് ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
മരുന്നുകള്‍, പുതപ്പുകള്‍, പുതുവസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, കുപ്പിവെള്ളം, അരി, പെട്ടെന്ന് കേടുവരാത്ത ഭക്ഷണ സാധനങ്ങള്‍, ബാറ്ററി ടോര്‍ച്ചുകള്‍, കൊതുകുതിരികള്‍, സോപ്പുകള്‍, ഡെറ്റോള്‍, നാപ്കിനുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആദ്യദിനത്തില്‍ ലഭിച്ചത്.
40 ഓളം ജീവനക്കാരാണ് ടി എം വര്‍ഗീസ് ഹാളിലെ സേവന കേന്ദ്രത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. 170 വാളന്റിയര്‍മാരും സേവന സന്നദ്ധരായി പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേന്ദ്രത്തിലുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെക്കാണ് ഏകോപന ചുമതല.
ജനങ്ങളുടെ മികച്ച പ്രതികരണമാണ് ശേഖരണ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നതെന്ന് ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൊല്ലം കോര്‍പ്പറേഷനിലും ശേഖരണ കേന്ദ്രം തുറന്നതായി മേയര്‍ അഡ്വ വി രാജേന്ദ്ര ബാബു പറഞ്ഞു. കൊല്ലം എ ആര്‍ ക്യാമ്പില്‍ ദുരിതാശ്വാസ വസ്തുക്കള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ് വ്യക്തമാക്കി.