മഴക്കെടുതികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ഊര്‍ജിത നടപടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളി ഏറ്റെടുക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു.

ജീവനക്കാര്‍ അവധി ഒഴിവാക്കി ജോലി ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഗസ്റ്റ് 8-ാം തീയതി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സത്വര നടപടികള്‍ സ്വീകരിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 9-ാം തീയതി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം കൂടി ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. എല്ലാ ജില്ലകളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു നടത്തുവാന്‍ നിര്‍ദേശം നല്‍കി. ഓരോ ജില്ലകളിലും ഓരോ നോഡല്‍ ഓഫീസര്‍ക്ക് ചുമതലകള്‍ നല്‍കി.

എല്ലാ ആശുപത്രികളിലും വേണ്ടത്ര സൗകര്യമൊരുക്കി ഏത് സാഹചര്യവും നേരിടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി. ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി.

ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള വൈദ്യസഹായം, ക്യാമ്പുകളിലെ വൈദ്യസഹായം, കുടിവെള്ള സുരക്ഷിതത്വം ഉറപ്പാക്കുക, രോഗ നിരീക്ഷണം, ജലജന്യ, വായുജന്യ, പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് പ്രധാനമായും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഊന്നല്‍ നല്‍കുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ വേണ്ടി കണ്‍ട്രോള്‍ റൂം പലവിഭാഗങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലകള്‍ തോറും ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിയിട്ടുണ്ട്. പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളെ പ്രത്യേകമായി തരംതിരിച്ചാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാരും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഡോക്ടര്‍മാരും കൂടാതെ പി.ജി. വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ഡോക്ടര്‍മാരുടെ സംഘടനകള്‍ എന്നിവരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. ഓരോ ക്യാമ്പിലേയും ആളുകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആര്‍ക്കെങ്കിലും കൂടുതല്‍ വൈദ്യസഹായം വേണമെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൃത്യമായ റിപ്പോര്‍ട്ടിംഗും നടത്തുണ്ട്.

പ്രളയാനന്തരമുണ്ടായേക്കാവുന്ന സാക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വേണ്ട മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. എലിപ്പനി, ഡെങ്കിപ്പനി, എച്ച്.1. എന്‍.1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നു. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ക്യാമ്പുകളില്‍ പാനീയ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.

പ്രളയ ജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്‌സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന രോഗികള്‍ക്ക് മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിനുള്ള അടിയന്തര മാര്‍ഗ നിര്‍ദേശവും മരുന്നുകളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ് കീമോതെറാപ്പി തുടങ്ങിയ തുടര്‍ ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യം അടുത്തുള്ള ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നവജാതശിശുക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഓരോ ജില്ലകളിലും നടത്തുന്നത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. മരുന്നുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിനേയും സമീപിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാവരും പാലിക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പാക്കിയിട്ടുണ്ട്. ഏതെങ്കിലും ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും ഓരോ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തില്‍ ഏകോപനവുമുണ്ട്. പൊതുജനങ്ങള്‍ക്കായി ബോധവത്ക്കരണം ഊര്‍ജിതമാക്കി വരുന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പാമ്പുകടിയേറ്റാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാന്‍ താലൂക്ക് ആശുപത്രി മുതലുള്ള ആശുപത്രികളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയത്ത് വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ എന്ന കോള്‍സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. 1056/ 0471 255 2056 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ കോള്‍സെന്ററിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മാധ്യമങ്ങളുടെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ,
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആയുര്‍വേദ, ഹോമിയോ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. തുടങ്ങിയ 50 ഓളം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.